ദുബൈ: ഡ്രോണുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ആദ്യമായി ദേശീയ മാർഗനിർദേശം പുറത്തിറക്കി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ.
കൃഷി, പരിസ്ഥിതി നിരീക്ഷണം, ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കൗൺസിലിന്റെ നടപടി. രാജ്യത്തിന്റെ വ്യോമാതിർത്തി, അടിസ്ഥാനസൗകര്യങ്ങൾ, ഡേറ്റകൾ എന്നിവയെ സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാനുള്ള മുൻകൂർ നടപടികൂടിയാണിത്.
സൈബർ സുരക്ഷ കൗൺസിലും സൈബർ സുരക്ഷ, ഡിജിറ്റൽ പരിവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന റീച്ച് ഗ്രൂപ്പിന്റെ ഭാഗമായ ഡിജിറ്റൽ റീച്ചും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമാണ് മാർഗനിർദേശങ്ങൾ രൂപപ്പെടുത്തിയത്.
ഡിജിറ്റൽ മേഖല സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ സമീപനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ദേശീയ മാർഗനിർദേശങ്ങളെന്ന് സൈബർ സുരക്ഷ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. യു.എ.ഇയുടെ ഡിജിറ്റൽ, സൈബർ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് റീച്ച് ഗ്രൂപ് പ്രതിജ്ഞബദ്ധമാണെന്ന് റീച്ച് ഗ്രൂപ് സി.ഇ.ഒ മാലിക് മിൽഹാം പറഞ്ഞു.
ഡ്രോണുകളുടെ മേഖല സുരക്ഷിതമാക്കാൻ ഈ സംരംഭം പിന്തുണക്കുമെന്നും ദേശീയ വ്യോമാതിർത്തിക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഭീഷണിയായി വളരുന്ന സൈബർ അപകടസാധ്യതകളെ അഭിസംബോധന ചെയ്യുമെന്നും റീച്ച് ഗ്രൂപ്പിലെ ഗ്രോത്ത് ആൻഡ് കോർപറേറ്റ് ട്രാൻസ്ഫോർമേഷൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ഖാലിദ് പറഞ്ഞു.
വ്യക്തികൾക്ക് ഡ്രോണുകൾ പറത്തുന്നതിനുള്ള വിലക്ക് ഭാഗികമായി നീക്കിയതായി ജനുവരിയിൽ യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവക്കൊപ്പം ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് മന്ത്രാലയം വിലക്ക് നീക്കിയത്. എന്നാൽ, ഡ്രോണുകളുടെ ഉപയോഗം സമൂഹത്തെയും വ്യോമമേഖലയെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക സുരക്ഷ മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ വിശദമായ മാർഗനിർദേശങ്ങളും ആവശ്യകതകളും യു.എ.ഇ ഡ്രോൺസ് ആപ്പിലൂടെയും ഔദ്യോഗിക സർക്കാർ വെബ്സൈറ്റിലൂടെയും ലഭ്യമാക്കിയിരുന്നു. മാനദണ്ഡപ്രകാരം ഡ്രോൺ ഉപയോക്താക്കൾ പുതിയ ‘യു.എ.ഇ ഡ്രോൺസ്’ ആപ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്ത് അക്കൗണ്ട് തുറക്കണം. ആപ്പിൾ, ആൻഡ്രോയ്ഡ് മൊബൈലുകൽ ആപ് ലഭ്യമാണ്. ഈ ഏകീകൃത ദേശീയ ഡ്രോൺ പ്ലാറ്റ്ഫോം യു.എ.ഇയിലെ ഡ്രോൺ ഓപറേറ്റർമാരുടെ രജിസ്ട്രേഷനും പ്രവർത്തന പ്രക്രിയയും കാര്യക്ഷമമാക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.