എണ്ണയിതര വിദേശവ്യാപാരം; യു.എ.ഇക്ക്​ റെക്കോർഡ്​ നേട്ടം

അബൂദബി: യു.എ.ഇയുടെ എണ്ണയിതര വിദേശവ്യാപാരം 2026ന്റെ ആദ്യ പകുതിയിൽ റെക്കോർഡ്​ നേട്ടം കൈവരിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു. വെറും ആറ് മാസത്തിനുള്ളിൽ രാജ്യത്തിന്റെ എണ്ണയിതര വിദേശവ്യാപാരം 1.937 ലക്ഷം കോടി ദിർഹമാണ്​. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13.1 ശതമാനം വാർഷിക വളർച്ചയാണ് രാജ്യം കൈവരിച്ചത്. ഈ കണക്കുകൾ വെറുമൊരു സ്ഥിതിവിവരക്കണക്കിന്നപ്പുറം, യു.എ.ഇ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മികച്ച വ്യാപാര പ്രകടനത്തിന് കരുത്തു പകർന്നത് രാജ്യത്തുനിന്നുള്ള എണ്ണയിതര കയറ്റുമതിയാണ്. എണ്ണയിതര ദേശീയ കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 23.9 ശതമാനം വർധിച്ച് 45,280 കോടി ദിർഹം എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ എത്തിനിൽക്കുകയാണ്. മൊത്തം വിദേശവ്യാപാരത്തിൽ എണ്ണയിതര കയറ്റുമതിയുടെ പങ്ക് 23.4 ശതമാനമായി ഉയർന്നു. ഉൽപാദനത്തിനും കയറ്റുമതിക്കും മുൻഗണന നൽകുന്ന രീതിയിലേക്ക് യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥ വിജയകരമായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഇൗ കണക്കുകൾ സൂചിപ്പിക്കുന്നത്.

ചൈനയാണ് യു.എ.ഇയുടെ ഏറ്റവും വലിയ എണ്ണയിതര വ്യാപാര പങ്കാളിയായി തുടരുന്നത്. 18,070 കോടി ദിർഹമിന്റെ വ്യാപാരമാണ് ചൈനയുമായി നടന്നിട്ടുള്ളത്. തൊട്ടുപിന്നിൽ 13,840 കോടി ദിർഹവുമായി സ്വിറ്റ്‌സർലൻഡും 10750 കോടി ദിർഹവുമായി ഇന്ത്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്​. ഇവരെ കൂടാതെ ഈജിപ്ത്, ഒമാൻ, ഹോങ്കോങ് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരത്തിലും മികച്ച വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളും ഈ വ്യാപാര വളർച്ചക്ക്​ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

യു.എ.ഇയുടെ എണ്ണയിതര വ്യാപാരത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഉൽപന്നം സ്വർണമാണ്. ആദ്യ പകുതിയിൽ 48.8 ശതമാനം വാർഷിക വളർച്ചയോടെ 70620 കോടി ദിർഹമിന്റെ സ്വർണ വ്യാപാരമാണ് രാജ്യത്ത് നടന്നത്. ടെലികോം മേഖലയാണ് തൊട്ടുപിന്നിൽ. കൂടാതെ സ്വർണാഭരണങ്ങൾ, മോട്ടോർ വാഹനങ്ങൾ, വജ്രം എന്നിവയാണ് മറ്റ് പ്രധാന ഉൽപന്നങ്ങൾ.

Tags:    
News Summary - Non-oil foreign trade; UAE achieves record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.