'ഭാര്യക്ക് ജിന്ന് ബന്ധം, ആഭിചാരം'; ഭർത്താവ് നൽകിയ ഹരജിയിൽ വിവാഹ മോചനം അനുവദിച്ച് ഷാർജ കോടതി

ഷാർജ: ഭാര്യയും കുടുംബവും ആഭിചാര ക്രിയകളിലും അന്ധവിശ്വാസങ്ങളിലും ഏർപ്പെടുന്നുവെന്ന് കാണിച്ച് ഭർത്താവ് നൽകിയ ഹരജിയിൽ ഷാർജ ശരീഅ കോടതി വിവാഹമോചനം അനുവദിച്ചു. ദാമ്പത്യ ജീവിതത്തിനും കുട്ടികളുടെ ഭാവിക്കും ഇത് ദോഷകരമാണെന്ന ഭർത്താവിന്‍റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഭാര്യയുടെ സാമ്പത്തിക അവകാശങ്ങൾ റദ്ദാക്കിയ കോടതി, രണ്ട് കുട്ടികളുടെയും സംരക്ഷണാവകാശം പിതാവിന് നൽകുകയും ചെയ്തു.

ഭാര്യയുടെ കുടുംബാംഗങ്ങൾ ആഭിചാര ക്രിയകൾ നടത്തുന്നവരാണെന്നും ഇത് കുടുംബജീവിതത്തെ തകർത്തുവെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. ‘ഹംറൂശ്’ എന്ന് പേരുള്ള ജിന്നിന്‍റെ സഹായത്തോടെ അമ്മാവൻ തന്‍റെ അസുഖം ഭേദമാക്കിയെന്ന് ഭാര്യ മുമ്പ് മറ്റൊരു കേസിലെ വാദത്തിനിടെ വെളിപ്പെടുത്തിയത് ഭർത്താവ് തെളിവായി ചൂണ്ടിക്കാട്ടി. ഈ അന്ധവിശ്വാസങ്ങൾ കുടുംബത്തിന്‍റെ സമാധാനം പൂർണമായി തകർത്തുവെന്നും അദ്ദേഹം വാദിച്ചു.

ഈ സംഭവങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെയും പെരുമാറ്റത്തെയും സാരമായി ബാധിച്ചതായി ഹരജിയിൽ പറയുന്നു. മാതാവ് ബന്ധപ്പെടുന്ന ജിന്നിന്‍റെ പേര് കുട്ടികൾക്ക് അറിയാം. കുട്ടികളിൽ ഇരുട്ടിനെ പേടി, രാത്രിയിൽ മൂത്രമൊഴിക്കൽ, ഉറക്കത്തിൽ പല്ലുകടിക്കൽ, നഖം കടിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും പിതാവ് കോടതിയിൽ വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാമൂഹിക വളർച്ചയെയും ഇത് ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിലെ തെളിവുകളും ഇരുവിഭാഗത്തിന്‍റെയും വാദങ്ങളും പരിശോധിച്ച കോടതി, വിവാഹമോചനത്തിന് കാരണമാകുന്ന ദോഷങ്ങൾ പ്രത്യേക രീതിയിൽ പരിമിതപ്പെടുത്താനാകില്ലെന്ന് നിരീക്ഷിച്ചു. ദമ്പതികളുടെ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇത്തരം സംഭവങ്ങൾ കാരണം ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത വിധം വലിയ ആഘാതം ഉണ്ടായിട്ടുണ്ടെന്ന് കോടതി വിലയിരുത്തി.

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി. മാതാവിന്‍റെ കൂടെ നിൽക്കുന്നത് കുട്ടികളുടെ ഭാവിക്കും നന്മക്കും നല്ലതല്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് ഭാര്യക്കുള്ള ജീവനാംശവും മറ്റ് സാമ്പത്തിക അവകാശങ്ങളും റദ്ദാക്കി കോടതി അന്തിമ വിവാഹമോചനത്തിന് ഉത്തരവിട്ടു. കുട്ടികളെ പിതാവിന് കൈമാറാനും കോടതി ചെലവുകളും 5,000 ദിർഹം ലീഗൽ ഫീസും ഭാര്യ അടക്കാനും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Man files for divorce over wife’s alleged jinn and sorcery practices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.