ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ ‘എം.എസ്​.സി മാരിയല്ല’ ഖോർഫക്കാൻ തുറമുഖത്ത് എത്തിയപ്പോൾ

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ; ‘എം.എസ്​.സി മാരിയല്ല’ ഖോർഫക്കാൻ തുറമുഖത്ത്

ഷാർജ: ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ ‘എം.എസ്​.സി മാരിയല്ല’ ഷാർജയിലെ ഖോർഫക്കാൻ തുറമുഖത്ത് നങ്കൂരമിട്ടു. മെഡിറ്ററേനിയൻ ഷിപ്പിങ്​ കമ്പനി (എം.എസ്​.സി) പ്രവർത്തിപ്പിക്കുന്ന ഈ ഭീമൻ കപ്പലിന് 24,346 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുണ്ട്. ഏകദേശം 400 മീറ്റർ നീളവും 61 മീറ്ററിലധികം വീതിയുമുള്ള ഈ അൾട്രാ ലാഖ് കണ്ടെയ്നർ വെസൽ വിജയകരമായി നങ്കൂരമിട്ടതിലൂടെ ആഗോള സമുദ്രപാതയിൽ ഖോർഫക്കാൻ തുറമുഖം തങ്ങളുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.

ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വികസന കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് ഖോർഫക്കൻ തുറമുഖവും അതിന്‍റെ അടിസ്ഥാന സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നത്. യു.എ.ഇയുടെ കിഴക്കൻ തീരത്ത്, അറേബ്യൻ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും സമീപമുള്ള തന്ത്രപ്രധാന സ്ഥാനമാണ് ഏഷ്യ, ആഫ്രിക്കൻ വൻകരകളിലെ രാജ്യങ്ങളുമായുള്ള വ്യാപാരം വേഗത്തിലാക്കാൻ തുറമുഖത്തെ സഹായിക്കുന്നത്. മുൻനിര തുറമുഖ ഓപറേറ്ററായ ഗൾഫ്ടെയ്നർ ആണ് ഇവിടെ കണ്ടെയ്നർ സർവീസുകൾ നിയന്ത്രിക്കുന്നത്.

ഒരേസമയം കൂറ്റൻ കപ്പലുകൾ അടുപ്പിക്കാൻ ശേഷിയുള്ള ആറ്​ ബർത്തുകളും, 18 ആധുനിക ക്രെയിനുകളും 16 മീറ്റർ ആഴവുമുള്ള ഖോർഫക്കൻ കണ്ടെയ്നർ ടെർമിനൽ 24 മണിക്കൂറും സജീവമാണ്. നിലവിലെ 35 ലക്ഷം കണ്ടെയ്നർ ശേഷി ഘട്ടംഘട്ടമായി ഉയർത്താനുള്ള പദ്ധതികൾ ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റി നടപ്പാക്കുന്നുണ്ട്. 50 ലക്ഷം മുതൽ ഒരുകോടി കണ്ടെയ്നറുകൾ വരെ കൈകാര്യം ചെയ്യാവുന്ന വലിയ ടെർമിനലായി ഇത്​ വികസിപ്പിക്കും.അൽ സജ, അൽ ദൈദ് തുടങ്ങിയ ലോജിസ്റ്റിക്സ് കോംപ്ലക്സുകളുമായി ചേർന്ന് വേഗത്തിലുള്ള ചരക്കുനീക്കം ഖോർഫക്കാൻ തുറമുഖത്തിന് സാധിക്കുന്നുണ്ട്. മികച്ച സേവനവും ചരക്കുകൾ എത്തിക്കാൻ കുറഞ്ഞ സമയവുമാണ്​ ഖോർഫക്കാന്‍റെ സവിശേഷത.

Tags:    
News Summary - World's Largest Container Ship, MSC Mariella, Docks at Khor Fakkan Port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.