ദുബൈ: ഡിജിറ്റൽ എമിറേറ്റ്സ് ഐ.ഡി വികസിപ്പിച്ച് വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, ആൻഡ് പോർട് സെക്യൂരിറ്റി(ഐ.സി.പി). നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നൂതന ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
നിലവിലുള്ള ഐഡന്റിറ്റി കാർഡ് സംവിധാനത്തിന് ബദലായി കൂടുതൽ സുരക്ഷിതവും കൃത്യതയാർന്നതും എല്ലാ മേഖലക്കും യോജിച്ചതുമായ സംവിധാനമെന്ന നിലയിലാണ് പുതിയ രീതി വികസിപ്പിച്ചിട്ടുള്ളത്. സർക്കാർ, ബാങ്കിങ്, ടെലികമ്യൂണിക്കേഷൻസ്, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ് എന്നിങ്ങനെ കൃത്യതയാർന്ന ഉപഭോക്തൃ തിരിച്ചറിയൽ ആവശ്യമുള്ള മേഖലകളിലെല്ലാം ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് പുതിയ ബയോ മെട്രിക് ഐ.ഡി സംവിധാനം. ദേശീയ ഡേറ്റാ സംരക്ഷണ നിയമങ്ങളും റിസ്ക് മാനേജ്മെന്റ് നയങ്ങളും പാലിക്കുന്നതിനൊപ്പം ഈ സംവിധാനം സാങ്കേതികവും നടപടിക്രമപരവുമായ ഉയർന്ന മാനദണ്ഡങ്ങളാണ് ഉപയോഗപ്പെടുത്തിയത്. അടുത്ത വർഷത്തോടെ പൂർണതോതിൽ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇലക്ട്രോണിക് തിരിച്ചറിയൽ സംവിധാനങ്ങളുടെ പ്രോത്സാഹനവും നടപ്പാക്കലും സംബന്ധിച്ച് ഫെഡറൽ നാഷനൽ കൗൺസിലിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഡിജിറ്റൽ ഐ.ഡി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൗൺസിൽ അംഗമായ ഡോ. അദ്നാൻ ഹമദ് അൽ ഹമ്മാദിയാണ് ചോദ്യം ഉന്നയിച്ചത്.
ഡിജിറ്റൽ ഐഡന്റിറ്റി വെറുമൊരു ഉപകരണമല്ലെന്നും, മികച്ച സേവനങ്ങൾ, ശക്തമായ സുരക്ഷ, എല്ലാവർക്കും കൂടുതൽ സൗകര്യം എന്നിവയിലേക്കുള്ള കവാടമാണെന്നും അതോറിറ്റി പ്രസ്താവിച്ചു.
വിശാലമായ ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന്റെ ഭാഗമായി, 2024 ആഗസ്റ്റിൽ ‘ഗവൺമെന്റ് ബ്യൂറോക്രസി എലിമിനേഷൻ പ്ലാൻ’ എന്ന പേരിൽ അതോറിറ്റി വിവിധ സംരംഭങ്ങൾ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.