മയക്കുമരുന്ന്​ വാങ്ങാന്‍ പണം നല്‍കിയില്ല : പിതാവിനെ കുത്തിക്കൊന്ന സ്വദേശി യുവാവിന് വധശിക്ഷ

അബൂദബി: മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ കുത്തിക്കൊന്ന സ്വദേശി യുവാവിന് വധശിക്ഷ. കഴിഞ്ഞവര്‍ഷം റമദാനില്‍ തറാവീഹ് നമസ്‌കാരത്തിനിടെയായിരുന്നു മയക്കുമരുന്നിന് അടിമയായ യുവാവ് പിതാവിനെ കൊലപ്പെടുത്തിയത്. 36 കുത്തുകളാണ് മൃതദേഹത്തിലുണ്ടായിരുന്നതെന്ന് പോസ്​റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അല്‍ ഐന്‍ ക്രിമിനല്‍ കോടതിയാണ് പ്രതിയെ വധശിക്ഷ വിധിച്ചത്. ദയാധനം നല്‍കി വധശിക്ഷയില്‍നിന്ന് ഒഴിവാകാനുള്ള യുവാവി​െൻറ നീക്കത്തെ എതിര്‍ത്ത കുടുംബം മാപ്പ് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. യുവാവ് സ്ഥിരമായി പിതാവിനോട് പണം ചോദിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍, ഈ പണം മയക്കുമരുന്ന് വാങ്ങാന്‍ മകന്‍ ഉപയോഗിക്കുമെന്ന് അറിയുമായിരുന്ന പിതാവ് ആവശ്യം നിരസിച്ചിരുന്നു. പണം നല്‍കാന്‍ പിതാവ് വിസമ്മതിക്കുമ്പോെഴല്ലാം യുവാവ് അദ്ദേഹത്തെ മര്‍ദിക്കുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. യുവാവ് നേരത്തേ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നുവെന്നും ഇതിനുശേഷം പുനരധിവാസകേന്ദ്രത്തില്‍ അടച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ ദിവസം യുവാവ് പിതാവിനെ സംസാരിക്കാനെന്ന വ്യാജേന തന്ത്രപൂര്‍വം മുറ്റത്തേക്ക് കൊണ്ടുവരുകയായിരുന്നു. തുടര്‍ന്ന് തുരുതുരാ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു.

ഈ ദൃശ്യം ബാല്‍ക്കണിയില്‍നിന്ന്​ കണ്ട പ്രതിയുടെ സഹോദരന്‍ ഓടിയെത്തി ആശുപത്രിയില്‍ കൊണ്ടുപോവാന്‍ വാഹനത്തില്‍ കയറ്റി. ഈ സമയം പ്രതി മറ്റൊരു വാഹനം കൊണ്ട് പിതാവിനെ കയറ്റിയ കാറില്‍ നിരവധി തവണ ഇടിപ്പിച്ചു. മറ്റൊരു സഹോദരന്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, പരിക്ക് ഗുരുതരമായതിനാല്‍ മരിക്കുകയായിരുന്നു. പിതാവിനെ അതിക്രൂരമായി ആക്രമിച്ച പ്രതി അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോവാനുള്ള നീക്കം  തടയാന്‍ സഹോദര​െൻറ കാര്‍ നശിപ്പിച്ച കാര്യവും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തുകയും പരമാവധി ശിക്ഷ നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയുമായിരുന്നു. പ്രതി കൃത്യം നിര്‍വഹിച്ചപ്പോള്‍ ലഹരിയിലായിരുന്നുവെന്നും ചെയ്യുന്നതിനെക്കുറിച്ച് ബോധവാനായിരുന്നില്ലെന്നുമുള്ള പ്രതിഭാഗം അഭിഭാഷക​െൻറ വാദം കോടതി തള്ളി. പ്രതിയെ പരിശോധിച്ച മെഡിക്കല്‍ സമിതിയുടെ റിപ്പോര്‍ട്ട് ഈ വാദത്തിന് എതിരായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.

Tags:    
News Summary - No money to buy drugs: decided to executed patricide person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.