കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റ് സംഘടിപ്പിച്ച കേരളോത്സവം
ഫുജൈറ: ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റ് സംഘടിപ്പിച്ച കേരളോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ ഫുജൈറ എക്സ്പോ സെന്റർ ഗ്രൗണ്ടിൽ നടന്ന സാംസ്കാരിക സമ്മേളനം ശൈഖ് സഈദ് സുറൂർ സെയ്ഫ് അൽ ശർഖി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി.
സ്വാഗതസംഘം ചെയർമാൻ ടി.എ. ഹഖ് അധ്യക്ഷത വഹിച്ചു. ഫുജൈറ യൂനിറ്റ് ജോയന്റ് സെക്രട്ടറി മുഹമ്മദ് നിഷാൻ സ്വാഗതവും കൈരളി ഫുജൈറ യൂനിറ്റ് ട്രഷറർ ടിറ്റോ തോമസ് നന്ദിയും പറഞ്ഞു. കേരള പ്രവാസി വെൽഫെയർ ബോർഡ് അംഗം കുഞ്ഞഹമ്മദ്, ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി സുധീർ തെക്കേകര, ഫുജൈറ യൂനിറ്റ് സെക്രട്ടറി ഹരിഹരൻ, സെൻട്രൽ കമ്മിറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ്, യൂനിറ്റ് വനിത കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ പങ്കെടുത്തു. വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ ആസ്വാദകർക്ക് അവിസ്മരണീയമായ ദൃശ്യവിസ്മയം ഒരുക്കി. തിരുവാതിര, ഒപ്പന, മാർഗംകളി, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, തെയ്യം ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ശിങ്കാരിമേളം, പഞ്ചാരിമേളം, ഗാനമേള എന്നിവ വിവിധ വേദികളിലായി അരങ്ങേറി. തെയ്യം, കാവടിയാട്ടം, പുലികളി, പൂക്കാവടി എന്നിവ ഉൾപ്പെടുന്ന കേരളീയ കലാരൂപങ്ങളും പരമ്പരാഗത വാദ്യമേളങ്ങളും പങ്കുചേർന്ന വർണ്ണാഭമാർന്ന ഘോഷയാത്ര കേരളോത്സത്തിന് പൂരപ്പൊലിമ നൽകി. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കലാപ്രതിഭകൾക്ക് അവരുടെ പൈതൃകകലകൾ അവതരിപ്പിക്കാൻ ഉത്സവനഗരിയിൽ വേദി സജ്ജമാക്കിയിരുന്നു.
മലയാളം മിഷനും നോർക്കയും ഒരുക്കിയ പ്രത്യേകം പവലിയനുകളും ഏറെ ആകർഷകമായി. ഒട്ടേറെ രുചിഭേദങ്ങളോടെ ഭക്ഷണ സ്റ്റാളുകളും വായനാനുഭവങ്ങളുമായി പുസ്തകശാലയും വ്യത്യസ്തമാർന്ന മറ്റിതര സ്റ്റാളുകളും കേരളോത്സവ നഗറിനെ ഒരു വലിയ ആഘോഷവേദിയാക്കി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.