ദുബൈ: അടുത്തവർഷം മുതൽ വാണിജ്യാടിസ്ഥാനത്തിൽ സർവിസ് നടത്താൻ ഒരുങ്ങുന്ന സാഹചര്യത്തിൽ എമിറേറ്റിൽ ഡ്രൈവറില്ലാ വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ആറ് വിഭാഗം വാഹനങ്ങൾക്കാണ് പ്രവർത്തിക്കാൻ അനുമതി നൽകുക.
യാത്രക്കും ചരക്ക് കടത്തിനും ഉപയോഗിക്കാവുന്ന 13 സീറ്റുള്ള ലൈറ്റ് ഓട്ടോണമസ് വാഹനങ്ങൾ, ചരക്ക് കടത്തിന് മാത്രമായുള്ള ഹെവി വാഹനങ്ങൾ, 14 സീറ്റുകളുള്ള ബസുകൾ, 26 സീറ്റുകളുള്ള യാത്രാ ബസുകൾ, ലൈറ്റ്, ഹെവി ഉപകരണങ്ങൾക്കായുള്ള വാഹനങ്ങൾ, സ്വയം നിയന്ത്രണ മോട്ടോർ സൈക്കിളുകൾ എന്നിവയാണിത്. ഇവക്ക് ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനുമുള്ള എട്ട് വ്യവസ്ഥകളെ കുറിച്ചും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ദുബൈയിലെ നിരത്തുകളിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് അനുമതി നൽകുന്നതിന് മുമ്പ് പാലിക്കേണ്ട 10 സാങ്കേതിക, പ്രവർത്തന, സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ച് മാർഗനിർദേശത്തിൽ വിശദീകരിക്കുന്നു. ഡ്രൈവറില്ലാ വാഹനങ്ങളുടെ ഓപറേറ്റർമാർ, ഏജന്റുമാർ തുടങ്ങിയവർ പാലിക്കേണ്ട 14 ഉത്തരവാദിത്തങ്ങളും ആർ.ടി.എ വിശദീകരിക്കുന്നു. നിശ്ചയിച്ച റൂട്ടുകളിലും മേഖലകളിലും മാത്രമേ ഡ്രൈവറില്ലാ വാഹനങ്ങൾ സർവിസ് നടത്താവൂ. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ വൈകാതെതന്നെ വാഹനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഓപറേറ്റർമാർക്ക് കഴിയണം. 16 വയസ്സിന് താഴെയുള്ള കുട്ടികൾ യാത്ര ചെയ്യുമ്പോൾ മുതിർന്നവർ ഒപ്പം ഉണ്ടെന്ന് ഉറപ്പുവരുത്തണം. വാഹനത്തിന്റെ നീക്കങ്ങൾ, സർവിസ്, അറ്റകുറ്റപ്പണികളുടെ വിവരങ്ങൾ, റിപ്പയറിങ്, പിഴവുകൾ, അപകടങ്ങൾ എന്നിവ ഉൾപ്പെടെ ഓപറേഷനൽ ഡാറ്റ സൂക്ഷിക്കുന്നതിന് സംയോജിത ഇലക്ട്രോണിക് സംവിധാനം കമ്പനികൾ നിലനിർത്തണം. പ്രവർത്തനസുരക്ഷയും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് തത്സമയ, സുരക്ഷിത സോഫ്റ്റ്വെയർ അപ്ഡേറ്റുകളും നിർബന്ധമാണ്.
ആർ.ടി.എയുടെ മുൻകൂർ അനുമതിയില്ലാതെ ഡ്രൈവറില്ലാ വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വിലക്കുണ്ട്. സുരക്ഷാവിഷയങ്ങൾ ഉയർന്നാൽ അടിയന്തരമായി വാഹനത്തെ പ്രവർത്തനരഹിതമാക്കാൻ കഴിയണം.
മുഴുവൻ സമയവും വാഹനം സുരക്ഷിതമായി നിലനിർത്തുന്നതിന് സ്ഥിരമായി അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ഏഴ് സാങ്കേതിക, ഓപറേഷനൽ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ ലൈസൻസ് ലഭിക്കൂ. പരീക്ഷണ ഓട്ടം വിജയകരമാണെന്നുള്ള നിർമാതാവിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, യു.എ.ഇ അല്ലെങ്കിൽ ഗൾഫ് മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്നതിനുള്ള തെളിവ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.