പുതുവത്സരം അരികെ, ആഘോഷത്തിന്​ തുടക്കം

ദുബൈ: ലോക​ത്ത്​ ഏറ്റവും ആവേശകരമായ പുതുവത്സര ദിനാഘോഷങ്ങൾക്ക്​ സാക്ഷ്യംവഹിക്കുന്ന നാടുകളിലൊന്നാണ്​ യു.എ.ഇ​. എല്ലാ എമിറേറ്റുകളിലും വിപുലമായ രീതിയിലാണ്​ എല്ലാ വർഷവും ആഘോഷ ചടങ്ങുകൾ ഒരുക്കാറുള്ളത്​. ഇത്തവണ പുതുവത്സര അവധി ദിനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചതോടെ ആഹ്ലാദത്തിന്‍റെ കേളികൊട്ട്​ ഉയർന്നുകഴിഞ്ഞു.

ഷാർജ ഒഴികെ മുഴുവൻ എമിറേറ്റുകളിലും വലുതും ചെറുതുമായ നിരവധി പരിപാടികൾ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ആവേശം പകരാനായി സംഘടിപ്പിക്കുന്നുണ്ട്​. യു.എ.ഇയി​ലെ പൊതു, സ്വകാര്യ മേഖലകൾക്ക്​ തിങ്കളാഴ്ച വരെയാണ്​ അവധി. പുതുവത്സരദിനം ശനി, ഞായർ ദിവസങ്ങളുമായി ചേർന്നുവന്നതിൽ ആഹ്ലാദത്തിലാണ്​ എല്ലാവരും. ശനിയാഴ്ച മുതൽ തന്നെ അവധിയുടെ തിരക്ക് മിക്ക വിനോദ കേന്ദ്രങ്ങളിലും ദൃശ്യവുമാണ്​.

പുതുവർഷ രാവിൽ ദുബൈ മുതൽ റാസൽഖൈമ വരെ ആഘോഷങ്ങൾ ഇത്തവണയും പൊടിപൊടിക്കും. വെടിക്കെട്ടുകളും ഡ്രോൺ ഷോകളുമാണ്​ പ്രധാന കേന്ദ്രങ്ങളിൽ അരങ്ങേറുന്നത്​. എല്ലാ വർഷവും ഏറ്റവും കൂടുതൽ കാഴ്ചക്കാരെത്തുക ദുബൈയിലെ ബുർജ്​ ഖലീഫ പരിസരത്തെ ആഘോഷത്തിന്​ തന്നെയായിരിക്കുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. ദുബൈയിൽ ബുർജ്​ ഖലീഫക്ക്​ പുറമെ, പാംജുമൈറ, ബുർജ്​ അൽ അറബ്​, ഹത്ത, അൽ സീഫ്​, ബ്ലൂ വാട്ടേഴ്​സ്​, ദ ബീച്ച്​, ഗ്ലോബൽ വില്ലേജ്​ എന്നിവിടങ്ങളിലാണ്​ കരിമരുന്ന്​ പ്രയോഗവും ഡ്രോൺ ഷോകളും ഒരുക്കിയിട്ടുള്ളത്​. ഗ്ലോബൽ വില്ലേജിൽ ഏഴു തവണകളിലായി പുതുവത്സര ദിനാഘോഷം നടക്കും. ചൈനയിൽ പുതുവർഷം പിറക്കുന്ന സമയം കണക്കാക്കി രാത്രി എട്ടു മണിക്കാണ്​ ആദ്യ ആഘോഷം ആരംഭിക്കുന്നത്​. ഓരോ രാജ്യത്തെയും പുതുവത്സരപ്പിറവിയുടെ കൗണ്ട്​ഡൗണും കരിമരുന്ന്​ പ്രയോഗവുമുണ്ടാകും. സംഗീതനിശ, ബീച്ച്​ പാർട്ടികൾ, മറ്റു ആഘോഷ പരിപാടികൾ എന്നിവയും വിവിധയിടങ്ങളിൽ അരങ്ങേറുന്നുണ്ട്​.

അബൂദബിയിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗം നടക്കും. അബൂദബിയിലെ അൽ വത്ബ ഷോഗ്രൗണ്ടിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്‍റെ ഉന്നത സംഘാടക സമിതിയാണ് പുതുവത്സരം ആഘോഷിക്കുന്നതിനായി മെഗാ ഇവന്‍റുകളും ഷോകളും ഒരുക്കുന്നത്. ലേസർ ഷോ, എമിറേറ്റ്‌സ് ഫൗണ്ടൻ, ഗ്ലോവിങ്​ ടവേഴ്‌സ് ഗാർഡൻ, ഫെസ്റ്റിവലിന്‍റെ വിവിധ പവലിയനുകൾ എന്നിവിടങ്ങളിലെ പ്രത്യേക പരിപാടികളും ആഘോഷത്തിന്‍റെ മാറ്റുകൂട്ടും. പുതുവർഷരാവിൽ ഒരു ലക്ഷം കളർബലൂണുകൾ ആകാശത്തേക്ക് പറത്തുന്ന ദൃശ്യവിരുന്നിനും കാണികൾ സാക്ഷ്യംവഹിക്കും. ഡി.ജെ, ലൈവ് മ്യൂസിക് ഷോയും രാവിന്‍റെ ഭം​ഗികൂട്ടും.

ഗിന്നസ് നേട്ട കരിമരുന്ന് വിരുന്നൊരുക്കിയാണ്​ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ റാസല്‍ഖൈമ ഒരുങ്ങുന്നത്​. ലോക റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തപ്പെടുന്ന അല്‍ മര്‍ജാന്‍ ഐലന്‍റിലെ ആഘോഷ രാവില്‍ ആയിരങ്ങള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്​. ഞായറാഴ്ച ഉച്ച രണ്ട് മുതല്‍ വിവിധ കലാ പരിപാടികള്‍ക്ക് അല്‍ മര്‍ജാന്‍ ഐലന്‍റില്‍ തുടക്കമാകും. കഴിഞ്ഞ അഞ്ച് വര്‍ഷവും ഗിന്നസ് നേട്ടത്തോടെയാണ് റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേറ്റത്. പുതിയ കോറിയോഗ്രാഫി ഘടകങ്ങളും സാ​ങ്കേതികതകളും സമന്വയിപ്പിച്ചാണ് അല്‍ മര്‍ജാന്‍ ദ്വീപിനും അല്‍ ഹംറ വില്ലേജിനുമിടയില്‍ നാലര കി.മീറ്റര്‍ കടല്‍തീരത്ത് കരിമരുന്ന് വിരുന്ന് നടക്കുക. സൗജന്യ ഗാനവിരുന്ന്, കുട്ടികള്‍ക്ക് പ്രത്യകേം വിനോദ പരിപാടികള്‍, ഫുഡ് ട്രക്കുകള്‍, തുടങ്ങി യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ സംതൃപ്തരാക്കുന്ന വൈവിധ്യമാര്‍ന്ന കലാ പ്രകടനങ്ങൾ അരങ്ങേറും.

പുതുവത്സരാഘോഷം സുരക്ഷിതമാക്കാൻ വിപുലമായ ഒരുക്കങ്ങൾ അധികൃതർ നടത്തിയിട്ടുണ്ട്​. ദുബൈയിൽ 32 ആഘോഷ വേദികളിലായി 1,300ലധികം പൊലീസിനെ പട്രോളിങിനായി വിന്യസിക്കുന്നുണ്ട്​. അതോടൊപ്പം തിങ്കളാഴ്ച ദുബൈയിലും അബൂദബിയിലും അടക്കം സൗജന്യ പാർക്കിങ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. അതേസമയം പുതുവത്സര രാവിൽ കരിമരുന്ന്​ പ്രയോഗം ഉൾപ്പെടെ ആഘോഷങ്ങളെല്ലാം വേണ്ടെന്ന്​ വെച്ചിരിക്കുകയാണ്​​​ ഷാർജ ഭരണകൂടം. ഗസ്സയിൽ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നടപടി. ഷാർജയിലെ മുഴുവൻ സ്ഥാപനങ്ങളും വ്യക്​തികളും തീരുമാനത്തോട്​ സഹകരിക്കണ​മെന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നാണ്​ ഷാർജ പൊലീസിന്‍റെ മുന്നറിയിപ്പ്​.

Tags:    
News Summary - New-Year-Celebration-Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.