ദുബൈ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അക്കാദമിക് ബിരുദങ്ങൾ പരിശോധിക്കുന്നതിന് യു.എ.ഇ പുതിയ സംവിധാനം രൂപപ്പെടുത്തി. യു.എ.ഇക്ക് പുറത്തുനിന്ന് അക്കാദമിക് ബിരുദങ്ങൾ നേടിയിട്ടുള്ള സ്വകാര്യമേഖലയിലെ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഈ സേവനം ബാധകമാണ്. ഭാവിയിൽ യു.എ.ഇയിൽ നൽകുന്ന ബിരുദങ്ങൾകൂടി ഉൾപ്പെടുത്തി സേവനം വിപുലീകരിക്കുമെന്നും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യമേഖലക്കും നേരിട്ടുള്ള ഡിജിറ്റൽ പരിശോധനയിലൂടെ അക്കാദമിക് യോഗ്യതകളുടെ കൃത്യതയും ആധികാരികതയും ഉറപ്പാക്കാൻ ഇത് സഹായിക്കും.
‘അക്കാദമിക് ക്വാളിഫിക്കേഷൻ വെരിഫിക്കേഷൻ പ്രോജക്ട്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം നിയമനം അടക്കമുള്ള പ്രക്രിയകൾ എളുപ്പമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, രാജ്യത്തുടനീളമുള്ള ബിസിനസ് സേവനകേന്ദ്രങ്ങൾ എന്നിവ വഴി ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകും.നിലവിൽ രാജ്യത്ത് ജോലി ചെയ്യാൻ യോഗ്യതയുണ്ടെന്ന് തെളിയിക്കാൻ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടത് നിർബന്ധമാണ്. പ്രവാസികൾ സർട്ടിഫിക്കറ്റുകൾ അവരുടെ മാതൃരാജ്യത്തുനിന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഈ പ്രക്രിയക്ക് 10 പ്രവൃത്തി ദിവസമോ അതിൽ കൂടുതലോ എടുത്തേക്കാം.
സ്വന്തം രാജ്യങ്ങളിൽനിന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ യു.എ.ഇയിലെ പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് ദിവസമെടുക്കും. പുതിയ പദ്ധതി ആരംഭിച്ചതോടെ നടപടിക്രമങ്ങൾ വേഗത്തിലും എളുപ്പത്തിലുമായി മാറും. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവുമായി പങ്കാളിത്തത്തോടെ ആരംഭിച്ച സംരംഭം രാജ്യത്തെ തൊഴിലാളികൾക്കിടയിൽ പ്രഫഷണൽ നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും തൊഴിൽ അന്തരീക്ഷത്തെ മെച്ചപ്പെടുത്താനും ഉപകരിക്കുന്നതാണെന്നും പ്രസ്താവന ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.