ദുബൈയിൽ ട്രാഫിക്​ പിഴ 5000ത്തിൽ കൂടുതലെങ്കിൽ ഒന്നിച്ച്​ അടക്കേണ്ട; പുതിയ സംവിധാനം നിലവിൽ

ദുബൈ: ട്രാഫിക്​ പിഴ ഘട്ടംഘട്ടമായി അടക്കുന്നതിനുള്ള സംവിധാനം ഏ​ർപ്പെടുത്തി ദുബൈ പൊലീസ്​. പലിശയില്ലാതെ മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നീ കാലയളവുകളിൽ ട്രാഫിക്​ പിഴ അടക്കാനുള്ള സൗകര്യമാണ്​ ദുബൈ പൊലീസ്​ ഒരുക്കിയിരിക്കുന്നത്​. വ്യക്​തികൾക്ക്​ 5000 ദിർഹത്തിൽ കൂടുതലുള്ള പിഴയും കമ്പനിക്കും സ്ഥാപനങ്ങൾക്കും​ 20,000 ദിർഹത്തിൽ കൂടുതലുള്ള പിഴയും ഈ രീതിയിൽ അടക്കാം. മൊത്തം പിഴയുടെ 25 ശതമാനം ആദ്യ ഇൻസ്റ്റാൾമെന്‍റായി അടക്കണം. വൻതുകയാണ്​ പിഴയെങ്കിൽ 24 മാസം വരെ സാവകാശവും ലഭിക്കും.

ക്രഡിറ്റ്​ കാർഡ്​ ഉപയോഗിച്ചാണ്​ പേയ്​മെന്‍റ്​ നടത്തേണ്ടത്​. എമിറേറ്റ്​സ്​ എൻ.ബി.ഡി, അബൂദബി കൊമേഴ്​സ്യൽ ബാങ്ക്​, ഫസ്റ്റ്​ അബൂദബി ബാങ്ക്​, എമിറേറ്റ്​സ്​ ഇസ്​ലാമിക്​ ബാങ്ക്​, കൊമേഴ്​സ്യൽ ബാങ്ക്​ ഇന്‍റർനാഷണൽ, ദുബൈ ഇസ്​ലാമിക്​ ബാങ്ക്​. സ്റ്റാൻഡേർഡ്​ ചാറ്റേർഡ്​ ബാങ്ക്​, കൊമേഴ്​സ്യൽ ബാങ്ക്​ ഓഫ്​ ദുബൈ, ഫിനാൻസ്​ ഹൗസ്​ എന്നീ സ്ഥാപനങ്ങളുടെ ക്രഡിറ്റ്​ കാർഡാണ്​ ഇതാനായി ഉപയോഗിക്കാൻ കഴിയുക.

നിശ്ചിത ഇൻസ്റ്റാൾമെന്‍റ്​ അടക്കാൻ സാധിക്കില്ലെങ്കിൽ സമയം ദീർഘിപ്പിക്കുന്നതിന്​ അപേക്ഷിക്കുകയും 100 ദിർഹം ഫീസ്​ ആയി നൽകുകയും വേണം. കമ്പനിയും സ്ഥാപനങ്ങളും ഇൻസ്റ്റാൾമെന്‍റ്​ മുടക്കിയാൽ 200 ദിർഹമാണ്​ ഫീസ്​. ഓരോ തവണയും 10 ദിർഹം നോളജ്​ ഫീ ആയും 10 ദിർഹം ഇന്നവേഷൻ ഫീ ആയും അടക്കണം. ഇൻസ്​റ്റാൾമെന്‍റ്​ അടക്കേണ്ട ദിവസത്തിന്​ 10 ദിവസം മുമ്പ്​ സമയം ദീർഘിപ്പിച്ചുനൽകണമെന്ന അപേക്ഷയും സമർപ്പിക്കണം. പിഴ ലഭിച്ച്​ 30 ദിവസത്തിനുള്ളിൽ ആദ്യ ഇൻസ്റ്റാൾമെന്‍റ്​ അടച്ചിരിക്കണം.

എങ്ങനെ അടക്കാം

ദുബൈ പൊലീസിന്‍റെ വെബ്​സൈറ്റിലൂടെയും ദുബൈ പൊലീസ്​ സ്മാർട്ട്​ ഫോൺ ആപ്ലിക്കേഷനിലെ 'ഫൈൻസ്​ ഇന്‍സ്റ്റാൾമെന്‍റ്​ സർവീസ്​' എന്ന ഓപ്​ഷനിലൂടെയും ഈ സംവിധാനം പ്രയോജനപ്പെടുത്താം. വാഹനത്തിന്‍റെ നമ്പർ, ട്രാഫിക്​ ഫയൽ നമ്പർ അല്ലെങ്കിൽ ഡ്രൈവിങ്​ ലൈസൻസ്​ നമ്പർ എന്നിവ അടിച്ചുനൽകണം. എന്നിട്ട്​ 'ഡയറക്ട്​ ഡിസ്കൗണ്ട്​ സർവിസ്​' എന്ന ഓപ്​ഷൻ തെരഞ്ഞെടുക്കണം. ബാങ്ക്​ അക്കൗണ്ട്​ നമ്പറും എമിറേറ്റ്​സ്​ ഐ.ഡി നമ്പറും ഉൾപ്പെടെയുള്ള വ്യക്​തിപരമായ വിവരങ്ങൾ ചേർക്കണം. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന്​ നിശ്​ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അംഗീകരിക്കുകയും വേണം.

ഈ അപേക്ഷ സെൻട്രൽ ബാങ്കിന്‍റെ അനുമതിക്കായി സമർപ്പിക്കും. അനുവദിച്ചതായുള്ള നോട്ടിഫിക്കേഷനും വരും. അനുവദിച്ചില്ലെങ്കിൽ അതും കാരണസഹിതം അറിയിക്കും. പിഴ അടച്ചുതീരുന്നത്​ വരെ വാഹനം വിൽക്കാനോ ഉടമസ്ഥാവകാശം മാറ്റാനോ കഴിയില്ല. ഏതെങ്കിലും ഇൻസ്റ്റാൾമെന്‍റ്​ മുടക്കുന്നവർക്ക്​ പിന്നെ രണ്ട്​ വർഷത്തേക്ക്​ ഈ സംവിധാനം ഉപയോഗപ്പെടുത്താൻ കഴിയില്ല. കാലാവധിയുള്ള ഐഡന്‍റിറ്റി കാർഡ്​, ബാങ്ക്​ അക്കൗണ്ട്​ നമ്പറും ഐ.ബി.എ.എന്നും വാഹന നമ്പരും അനിവാര്യമായ കാര്യങ്ങളാണ്​. ദുബൈ പൊലീസ്​ ആപ്ലിക്കേഷൻ, ദുബൈ പൊലീസ്​ വെബ്​സൈറ്റ്​, സമാർട്ട്​ പൊലീസ്​ സ്​റ്റേഷനുകൾ എന്നിവിടങ്ങളിൽ ഈ സേവനത്തിനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്​ 901 എന്ന നമ്പറിൽ കോൾസെന്‍ററുമായി ബന്ധപ്പെടാം.

Tags:    
News Summary - New system for traffic Fine Payment in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.