റാസല്‍ഖൈമ: തടവുകാര്‍ക്ക് ശിക്ഷാ കാലയളവിന് ശേഷം പുതുജീവിതത്തിന് അവസരം തുറക്കുന്ന പുനരധിവാസസംരംഭം അവതരിപ്പിച്ച് ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഫൗണ്ടേഷന് ഫോര്‍ പോളിസി റിസര്‍ച്ച് (എ.ക്യു.എഫ്). സമൂഹസുരക്ഷ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിന് കീഴിലാണ് റാസല്‍ഖൈമ ജയില്‍വകുപ്പുമായി സഹകരിച്ച് പുനരധിവാസ സംരംഭം ആവിഷ്കരിച്ചിരിക്കുന്നതെന്ന് എ.ക്യു.എഫ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. നതാഷ റിഡ്ജ് പറഞ്ഞു.
സാക്ഷരത, ഭാഷ, തൊഴില്‍, മാനസികസുരക്ഷ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ബൃഹദ് പദ്ധതിയാണ് പുനരധിവാസ സംരംഭം. വ്യത്യസ്ത കുറ്റകൃത്യങ്ങളിലകപ്പെട്ട് തടവില്‍ കഴിയുന്നവര്‍ അവരുടെ ശിക്ഷാകാലാവധി കഴിയുന്നതോടെ സാധാരണ വ്യക്തികളെ പോലെ സമൂഹത്തോടൊപ്പം സഞ്ചരിക്കാനുതകുന്ന മാനസിക പരിചരണം സംരംഭത്തിന്റെ ഭാഗമാണ്. അവിവാഹിതര്‍ക്ക് പങ്കാളികളെ സജ്ജമാക്കുന്നതുള്‍പ്പെടെ കുടുംബപിന്തുണയും കുറ്റകൃത്യങ്ങളിലേക്കുള്ള സാധ്യതയില്ലാതാക്കുന്നതിനും സംരംഭം ലക്ഷ്യമിടുന്നു. വ്യക്തിഗത ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം കുടുംബ ഭദ്രത, സാമൂഹിക ഐക്യം, പൊതുസുരക്ഷ എന്നിവയും പരിപാടിയുടെ ലക്ഷ്യമാണ്.
ഓരോരുത്തരുടെയും നിലവാരത്തിനനുസരിച്ച പിന്തുണ സംരംഭത്തിന് കീഴില്‍ ഉറപ്പ് വരുത്തും. മൂന്ന് ഘട്ടങ്ങളിലൂടെയാണ് സംരംഭം പുരോഗമിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ അടിസ്ഥാന വിദ്യാഭ്യാസം, ജീവിത നൈപുണ്യം, ആശയ വിനിമയ കഴിവുകള്‍, അക്കാദമിക് കഴിവുകള്‍, വ്യക്തിഗത അച്ചടക്കം എന്നിവ ഉറപ്പാക്കും. രണ്ടാമതായി അംഗീകൃത തൊഴില്‍ പരിശീലനം, തൊഴില്‍ ക്ഷമതയും സന്നദ്ധതയും മെച്ചപ്പെടുത്തുന്നതിന് രൂപകൽപന ചെയ്ത പ്രായോഗിക പരിശീലനം എന്നിവ നൽകും.
മൂന്നാംഘട്ടത്തില്‍ മാനസികപിന്തുണ മുന്‍നിര്‍ത്തിയുള്ള ബോധവത്കരണം, പോസിറ്റീവ് ഐഡന്റിറ്റി വികസനവും സമൂഹിക ഇടപെടലുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള കൗണ്‍സലിങ്, തെറപ്പി, മാനസികാരോഗ്യ സെഷനുകള്‍ എന്നിവയും ഉള്‍പ്പെടും. ജയില്‍ വകുപ്പിന്റെ പുനരധിവാസ പദ്ധതികളെ എ.ക്യൂ.എഫ് സംരംഭം ശക്തിപ്പെടുത്തുമെന്ന് റാക് ജയില്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ തിയാബ് അല്ഹരാഷ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.