ദുബൈ: നഗരത്തിലെ ഗതാഗതം കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് നിർമിച്ച പുതിയ പാലം തുറന്നു. ജുമൈറ സ്ട്രീറ്റിനെയും അൽ മിന സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പാലമാണ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) തുറന്നത്. പ്രദേശത്തെ യാത്രാസമയം കുറക്കാൻ സഹായിക്കുന്നതാണ് 985 മീറ്റർ നീളമുള്ള പാലം.
രണ്ട് ലൈനുകളുള്ള പാലത്തിൽ മണിക്കൂറിൽ 3,200 വാഹനങ്ങളെ ഉൾക്കൊള്ളാനാകും. ശൈഖ് റാശിദ് റോഡിന്റെയും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും കവലയിൽനിന്ന് അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർസെക്ഷൻ വരെ നീളുന്ന 4.8 കിലോമീറ്റർ ഭാഗത്ത് നടപ്പിലാക്കുന്ന അൽ ഷിന്ദഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമാണ് പാലം നിർമിച്ചത്.
ദുബൈയുടെ വളരുന്ന ജനസംഖ്യ കണക്കിലെടുത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. പുതിയ പാലം നിലവിൽ വന്നതോടെ ഗതാഗതക്കുരുക്ക് കുറയുകയും യാത്രാസമയം 67 ശതമാനം, അഥവാ 12 മിനിറ്റിൽ നിന്ന് നാല് മിനിറ്റായി കുറയുകയും ചെയ്യുമെന്ന് ആർ.ടി.എ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ഇൻഫിനിറ്റി പാലത്തിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് യാത്ര എളുപ്പമാവുക. ട്രാഫിക് സിഗ്നലുകളില്ലാത്തതിനാൽ തടസ്സമില്ലാത്ത യാത്ര പാലത്തിലൂടെ സാധ്യമാകും. അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ നാലാം ഘട്ടത്തിൽ ജുമൈറ സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ്, ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ് എന്നിവയുടെ ഉപരിതല റോഡുകളാണ് വികസിപ്പിക്കുന്നത്.
ആകെ 3.1കി.മീറ്റർ നീളമുള്ള അഞ്ച് പാലങ്ങളും അതോടൊപ്പം രണ്ട് കാൽനട മേൽപാലവുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ശൈഖ് റാശിദ് റോഡ്, അൽ മിന സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് കാൽനട മേൽപാലം നിർമിക്കുക. തെരുവു വിളക്ക്, സിഗ്നലുകൾ സ്ഥാപിക്കൽ, മഴവെള്ള ഡ്രെയ്നേജ് ശൃംഖലകൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവയുടെ നിർമാണം തുടങ്ങിയവും പദ്ധതിയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.