ദുബൈ: അഗ്നിരക്ഷ സേവനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക സർക്കാർ വകുപ്പ് പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് എന്നുപേരിട്ട വകുപ്പിന്റെ ചെയർമാനായി ആരോഗ്യ, രോഗപ്രതിരോധ വകുപ്പ് മന്ത്രി അഹ്മദ് അലി അൽ സായിഗിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സിവിൽ ഡിഫൻസ് അതോറിറ്റിക്കും നാഷനൽ ഗാർഡ് കമാൻഡിഡ് ആൻഡുമായി ബന്ധപ്പെട്ട നാഷനൽ ആംബുലൻസ് കമ്പനിക്കും പകരമായാണ് അതോറിറ്റി പ്രവർത്തിക്കുക. അതോടൊപ്പം അതോറിറ്റി നേരിട്ട് മന്ത്രിസഭക്ക് റിപ്പോർട്ട് ചെയ്യുന്നതുമായിരിക്കും.
നിയമപരവും സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യം വകുപ്പിനുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നിവയുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളും നയങ്ങളും നിർദേശിക്കുകയും തയാറാക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം അതോറിറ്റിക്കായിരിക്കും.
പ്രാദേശിക വകുപ്പുകളുടെയും ബന്ധപ്പെട്ട സംവിധാനങ്ങളുടെയും സഹകരണത്തിലാണിത് നടപ്പാക്കുക. കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും തീപിടിത്തത്തിൽ നിന്ന് സുരക്ഷിതമാക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങളും ആവശ്യകതകളും അതോറിറ്റിയാണ് നിശ്ചയിക്കുക.
ഈ നിയന്ത്രണങ്ങൾ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുയും ചെയ്യും. ആംബുലൻസ് സേവനം ഉറപ്പാക്കുകയും പരിക്കേറ്റവർക്ക് അടിയന്തരമായി ചികിൽസ ലഭ്യമാക്കാൻ ഇടപെടുകയും ചെയ്യും. അപകടങ്ങളും പ്രകൃതിദുരന്തങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതും അതോറിറ്റിയായിരിക്കും.
ദേശീയ അടിയന്തര, ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ചാണിത് നടപ്പാക്കുക. തീപിടിത്തവുമായും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് പരിശീലനങ്ങൾ, ബോധവത്കരണം, മോക് ഡ്രില്ലുകൾ, സംയുക്ത അഭ്യാസങ്ങൾ എന്നിവയും വകുപ്പ് നടപ്പാക്കും.
ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നിവയുമായി ബന്ധപ്പെട്ട കൺസൽട്ടൻസി സേവനങ്ങളും പുതിയ വകുപ്പ് ലഭ്യമാക്കുന്നതാണ്. പ്രദേശിക സർക്കാറുകൾക്ക് കീഴിലുള്ള സംവിധാനങ്ങളുമായി സഹകരിച്ചായിരിക്കും പുതിയ അതോറിറ്റി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.