ദുബൈ: നാലാമത് ലോക പൊലീസ് ഉച്ചകോടിയിൽ 110 രാജ്യങ്ങളിൽനിന്നായി 53,922 പേർ പങ്കെടുത്തുവെന്ന് വെളിപ്പെടുത്തി ദുബൈ പൊലീസ്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മുഖ്യ രക്ഷാകർതൃത്വത്തിൽ നടന്ന ഉച്ചകോടി പങ്കാളിത്തത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 300 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ദുബൈ പൊലീസ് സംഘടിപ്പിച്ച ഉച്ചകോടിയിൽ ആറ് ആഭ്യന്തര മന്ത്രിമാർ, നാല് സഹമന്ത്രിമാർ, 45 പൊലീസ് മേധാവികൾ, 41 ഡെപ്യൂട്ടി പൊലീസ് മേധാവികൾ, 692 അംബാസഡർമാർ, കോൺസൽമാർ, മുതിർന്ന നയതന്ത്രജ്ഞർ എന്നിവർ പങ്കെടുത്തിട്ടുണ്ട്. മേഖലയിൽ നടക്കുന്ന നിയമനിർവഹണരംഗത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര ഒത്തുചേരലുകളിൽ ഒന്നാണിത്. ഉച്ചകോടിയിൽ 302 പ്രഭാഷകർ 140 പ്രത്യേക സെഷനുകൾ അവതരിപ്പിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധത, പൊലീസിങ്ങിലെ നിർമിതബുദ്ധി പ്രയോഗം, ഡിജിറ്റൽ തട്ടിപ്പ്, കമ്യൂണിറ്റി പൊലീസിങ്, വ്യോമയാന സുരക്ഷ, യുവ ഉദ്യോഗസ്ഥരുടെ വികാസം എന്നിവയുൾപ്പെടെ 12 പ്രധാന വിഷയങ്ങളാണ് ചർച്ചയായത്. ഇതിൽ മൊത്തം 922 ഉന്നത ഉദ്യോഗസ്ഥർ, സുരക്ഷ വിദഗ്ധർ, അന്താരാഷ്ട്ര സംഘടനകളിൽനിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പൊലീസ് ഏജൻസികൾ, ടെക് സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവകൾക്കിടയിൽ 38 ധാരണപത്രങ്ങൾ ഒപ്പുവെക്കുന്നതിനും പരിപാടി സാക്ഷിയായി. തൊള്ളായിരത്തിലധികം വ്യക്തികൾ ലോക പോലീസ് ഉച്ചകോടി അവാർഡ് ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. അവസാന ദിവസം 12 വിജയികളെയാണ് ആദരിച്ചത്.
ഉച്ചകോടിയിലെ ഈ വർഷത്തെ പങ്കാളിത്തം പ്രതീക്ഷകളെ കവച്ചുവെക്കുന്നതാണെന്ന് പരിപാടിയുടെ സെക്രട്ടറി ജനറൽ ലെഫ്. കേണൽ ഡോ. റാശിദ് ഹംദാൻ അൽഗാഫ്രി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര പൊലീസ് സഹകരണത്തിനും നവീകരണത്തിനുമുള്ള ഒരു സുപ്രധാന വേദിയായി ഉച്ചകോടി മാറിയതായും അദ്ദേഹംകൂട്ടിച്ചേർത്തു. 2022ൽ ആണ് ലോക പൊലീസ് ഉച്ചകോടിയുടെ ആദ്യ എഡിഷൻ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.