ദുബൈ: പ്രവാസി മലയാളികളിൽ നിന്നും അറബികളിൽ നിന്നുമായി 50 കോടിയിലേറെ രൂപ കബളിപ്പിച്ച് മലയാളി യുവാവ് നാട്ടിലേക്ക് കടന്നതായി പരാതി. പാലക്കാട് കുമരനല്ലൂർ തൊഴുപുറത്ത് സനൂപിനെതിരെയാണ് പണം നഷ്ടപ്പെട്ടവർ കൂട്ടമായി ദുബൈ പൊലീസിനെ സമീപിച്ചത്.
ശൈഖ് സായിദ് റോഡിലെ ഒരു െഎ.ടി സ്ഥാപന ജീവനക്കാരനായിരുന്ന സനൂപ് സ്വന്തമായി ബിസിനസ് തുടങ്ങാനെന്ന പേരിൽ തൊഴിലുടമയിൽ നിന്നാണ് ആദ്യം പണം വാങ്ങിയത്.
നാലു ലക്ഷം ദിർഹമാണ് ആദ്യം നൽകിയത്. പിന്നീട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 300 ലക്ഷത്തോളം ദിർഹം കൈപ്പറ്റി.
ഇതിനു പകരമായി ചെക്കുകളും ആദ്യ ഘട്ടത്തിൽ ലാഭവിഹിതവും നൽകിയിരുന്നു. സുഹൃത്തുക്കളുടെ സുഹൃത്തുകളുമായി പരിചയം സ്ഥാപിച്ചും ഇയാൾ പണം വാങ്ങി.
കഴിഞ്ഞ മാസം മുതിർന്ന ബന്ധു അത്യാസന്ന നിലയിലാണ് എന്നു പറഞ്ഞ് കുടുംബ സമേതം നാട്ടിലേക്കു പോയ സനൂപിനെ പിന്നീട് ഫോണിൽ വിളിച്ചാൽ കിട്ടാതെയായി. ഫേസ്ബുക്ക് അക്കൗണ്ടും ഡി ആക്ടീവ് ആയി. തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴും ആളെ കണ്ടെത്താനായില്ല. സംശയം തോന്നിയ സുഹൃത്തുക്കൾ തൃത്താല പൊലീസിൽ പരാതി നൽകിയിരുന്നു. ഇൗടു നൽകിയ വൻതുകയുടെ ചെക്കുകൾ പണമില്ലെന്ന് കാണിച്ച് ബാങ്കിൽ നിന്ന് മടങ്ങിയതോടെയാണ് ദുബൈ പൊലീസിൽ പരാതി എത്തിയത്. ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൂട്ടിയാണ് ഇയാൾ അപ്രത്യക്ഷനായിരിക്കുന്നത്.
കോയമ്പത്തൂർ വിമാനത്താവളം മുഖേന ഇയാൾ വിദേശത്തേക്ക് കടന്നുവെന്ന സൂചനയെത്തുടർന്ന് വിവരങ്ങൾ ആവശ്യപ്പെട്ട് തൃത്താല പൊലീസ് കോയമ്പത്തൂർ വിമാനത്താവള അധികൃതരുടെ സഹായം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.