സലീം കുമാർ സമ്മാനിച്ച കറിവേപ്പില മരം
ദുബൈയിൽ ‘വയലും വീടും’ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സലിം കുമാർ
ദുബൈ: കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സലീം കുമാറിന്‍റെ ഓർമകളുമായി രുചി പകർന്ന് ദുബൈയിലെ ഒരു കറിവേപ്പില മരം. അഭിനയത്തോടൊപ്പം കൃഷിയെയും ഉപാസിച്ച സലീം കുമാർ സമ്മാനിച്ച കറിവേപ്പില തൈ തഴച്ചുവളർന്ന് വലിയ മരമായാണ് നിരവധി പ്രവാസി കുടംബങ്ങൾക്ക് രുചി പകരുന്നത്.
ഏഴുവർഷം മുമ്പ്, ദുബൈയിലെ കൃഷി കൂട്ടായ്മയായിരുന്ന ‘വയലും വീടും’ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ അദ്ദേഹം സമ്മാനിച്ചതായിരുന്നു നാസർ ഊരകത്തിന് ആ കറിവേപ്പില തൈ. തൈകളോടൊപ്പം പ്രത്യേകം തയാറാക്കിയ വളവും നൽകിയിരുന്നു. ബർദുബൈയിൽ നാസർ താമസിക്കുന്ന ഫ്ലാറ്റിലെ ബാൽക്കണിയിലാണ് മരം വളരുന്നത്. അയൽവാസികൾ ഉൾപ്പെടെയുള്ളവർ കറിവേപ്പിലക്കായി ഈ മരത്തെ ആശ്രയിക്കുന്നു. ഒരു കറിവേപ്പില മരം ചട്ടിയിൽ ഇത്ര സമൃദ്ധമായി വളരുന്നത് അപൂർവമാണെന്ന് നാസർ ഊരകം പറയുന്നു.
സലീം കുമാർ അന്ന് ദുബൈയിൽ വന്നപ്പോൾ അവീറിൽ വയലും വീടും കൂട്ടായ്മ നടത്തിയിരുന്ന ഫാം സന്ദർശിച്ച് ഉപദേശങ്ങൾ നൽകിയിരുന്നു. കൂട്ടായ്മയുടെ പേരിൽ, രാസവളം ചേർക്കാത്ത പഴം-പച്ചക്കറി വിൽക്കുന്ന കട ഇന്നും ദുബൈ കറാമയിലുണ്ട്. സലീംകുമാറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നാസർ ബാൽക്കണിയിൽ സ്ഥിരമായി പച്ചക്കറി കൃഷി ചെയ്തുവരുന്നു.
പ്രകൃതി സ്നേഹിയായ കർഷകനായിരുന്നു സലീം കുമാർ. പണത്തിന്‍റെ കണക്കിൽ കൃഷി നഷ്ടമാണെങ്കിലും, പ്രകൃതിയെ തൊട്ടറിയാനും അതിലൂടെ ലഭിക്കുന്ന ആത്മസായൂജ്യത്തിനും പകരമായി മറ്റൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ കാർഷിക ദർശനം.
‘കൃഷി ചെയ്ത് ആർക്കും ടാറ്റയോ ബിർളയോ അംബാനിയോ ആകാനാകില്ല. പക്ഷേ, സംതൃപ്തിയുടെ കാര്യത്തിൽ കൃഷി നമ്മെ കോടീശരനാക്കും. ഐ.ടിയും മറ്റു വ്യവസായവും പണം തരും. കൃഷി ചെയ്താലേ ആ പണം കൊടുത്ത് ഭക്ഷണം വാങ്ങി ജീവിക്കാൻ കഴിയൂ’ എന്നായിരുന്നു പ്രഭാഷണങ്ങളിൽ സലീം കുമാർ എപ്പോഴും ഓർമിപ്പിച്ചിരുന്നത്.
പ്രസംഗം മാത്രമായിരുന്നില്ല സലീം കുമാർ, സ്വന്തമായി ഏക്കറുകണക്കിന് ഭൂമിയിൽ നെൽകൃഷിയും ചെമ്മീൻ കൃഷിയും ചെയ്തിരുന്നു.
വംശനാശഭീഷണി നേരിടുന്ന പൊക്കാളി കൃഷിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അദ്ദേഹം ഒരു ഡോക്യുമെന്‍ററിയും സംവിധാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.