പെൺകരുത്തിന്റെ കഥകളുമായി മീഡിയവൺ ഹെർസ്റ്റോറി നാളെ
ദുബൈ: യു.എ.ഇയിലെ പെൺകരുത്തിന്റെ കഥകൾ പങ്കുവെക്കുന്ന മീഡിയവൺ ഹെർസ്റ്റോറി ഞായറാഴ്ച. 11 വനിത പ്രതിഭകളുടെ അനുഭവങ്ങൾക്കൊപ്പം ഗായിക ആയിഷ അബ്ദുൽബാസിത് ഉൾപ്പെടെയുള്ളവരുടെ സ്റ്റേജ് പ്രകടനങ്ങൾക്കും ഹെർസ്റ്റോറി വേദി സാക്ഷിയാകും. ഞായറാഴ്ച വൈകീട്ട് ദുബൈ അക്കാദമിക് സിറ്റിയിലെ ഡീ മോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റിയിലാണ് പരിപാടി.
നന്മയുടെ ശീലുകൾകൊണ്ട് ലോകമെമ്പാടും ആസ്വാദകരെ നേടിയ യുവഗായികയാണ് അബൂദബിയിലെ ആയിഷ അബ്ദുൽബാസിത്. ചെണ്ടമേളത്തിൽ പുതിയ താളം അടയാളപ്പെടുത്തിയ കലാകാരി ശിൽപ ശ്രീകുമാർ, മണലിൽ സുന്ദരചിത്രങ്ങൾ തീർക്കുന്ന സാൻഡ് ആർട്ടിസ്റ്റ് അലിഷ അമീർ എന്നിവരാണ് ഹെർസ്റ്റോറി വർണാഭമായ അനുഭവമാക്കാൻ വേദിയിലെത്തുന്ന മറ്റുള്ളവർ. ഇതോടൊപ്പം ആരോഗ്യം, ബിസിനസ്, സാമ്പത്തികം എന്നീ മേഖലകളിൽ ഏറെ പ്രാധാന്യമുള്ള വിവരങ്ങൾ പങ്കുവെക്കുന്ന മൂന്ന് സെഷനുകളുമുണ്ടാകും.
വനിതകളുടെ ആരോഗ്യവും, ജീവിതശൈലീ രോഗങ്ങളും എന്ന വിഷയത്തിൽ ദുബൈ മെഡിയോർ ഹോസ്പിറ്റലിലെ ഡോ. ധന്യ ഷാജിയും, ബിസിനസ് ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനെക്കുറിച്ച് അർച്ചന പ്രതാപ് കുമാറും സംസാരിക്കും. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, നിക്ഷേപ സാധ്യതകൾ എന്നിവ സംബന്ധിച്ച് അൽഹിന്ദ് ബിസിനസ് സെന്റർ ജനറൽ മാനേജർ മിഥുൻ ഗിരീശനും സംസാരിക്കും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 11 വനിത പ്രതിഭകളുടെ അനുഭവങ്ങളാണ് ഹെർസ്റ്റോറിയുടെ മുഖ്യ ആകർഷണം. നടി നൈല ഉഷ മുതൽ ഗായിക ഖദീജ റഹ്മാൻ വരെയുള്ള പ്രതിഭകളാണ് അനുഭവകഥകൾ പറയാൻ ഹെർസ്റ്റോറിയിലെത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് herstory.mediaoneonline.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.