ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു
ദുബൈ: മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. 44 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബൈയിലെത്തിയതാണ്.
പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ശനിയാഴ്ച വൈകീട്ട് ദുബൈ മൻഖൂർ ആശുപത്രിയിലായിരുന്നു മരണം. അടുത്തദിവസം സൗദിയിലും ദുബൈയിലും വിവിധ സംഗീതപരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് മരണം.
നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുണ്ട്. ‘പ്രഫസർ ഡിങ്കൻ’ എന്ന മലയാള സിനിമയിലും, കന്നട സിനിമയിലും പിന്നണി ഗായകനായി ഗാനമാലപിച്ചു. ബോളിവുഡ് ഗായകൻ ഉദിത്ത് നാരായണന്റെ ശബ്ദ സാദൃശ്യമാണ് ഗാനമേള വേദികളിൽ നിസാറിനെ ശ്രദ്ധേയനാക്കിയത്. ബഹ്റൈനിൽ ഉദിത് നാരായാണനോടൊപ്പം പാട്ടുപാടി ആരാധകരെ കൈയിലെടുത്തിട്ടുണ്ട്.
കമ്പളക്കാട് ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടേയും മകനാണ്. ഭാര്യ: ഷഹന നിസാർ. മക്കൾ: സിംബ്രീന, അംബ്രീന. സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ.
സന്നദ്ധ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.