യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നു
ആസ്‌ട്രേലിയയിൽ നിന്ന് അടിയന്തര സന്ദേശം; ദുബൈയിൽ ഗുരുതരാവസ്ഥയിലായ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി
ദുബൈ: ആസ്‌ട്രേലിയയിൽ നിന്ന് ലഭിച്ച അടിയന്തര ഫോൺ സന്ദേശത്തെ തുടർന്ന് നടത്തിയ സമയോചിത ഇടപെടലിലൂടെ ദുബൈ പൊലീസ് ഗുരുതരാവസ്ഥയിലായ യുവതിയെ കണ്ടെത്തി രക്ഷപ്പെടുത്തി. യുവതിയുടെ ഫോട്ടോയും കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്റെ സഹായവും രക്ഷാപ്രവർത്തനത്തിൽ നിർണായകമായി. ദുബൈ പൊലീസ് ഡെപ്യൂട്ടി ചെയർമാനും പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി മേധാവിയുമായ ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീമിന്റെ പുതിയ പുസ്തകത്തിലൂടെയാണ് സംഭവം പുറത്തുവന്നത്.
ദുബൈയിൽ താമസിക്കുന്ന യുവതി കടുത്ത മാനസിക സമ്മർദത്തിലാണെന്നും സ്വയം അപകടപ്പെടുത്താൻ സാധ്യതയുണ്ടെന്നും ബന്ധു ആശങ്ക അറിയിക്കുകയായിരുന്നു. നേരത്തെയും യുവതി രണ്ടുതവണ സ്വയം ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന വിവരവും പൊലീസിന് കൈമാറി. തുടർന്ന് പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ യുവതിയുടെ മൊബൈൽ ഫോണിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മൊബൈൽ ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച സ്ഥലത്തേക്ക് പൊലീസ് സംഘത്തെയും ആംബുലൻസിനെയും അയച്ചെങ്കിലും അവിടെ യുവതിയെ കണ്ടെത്താനായില്ല.
തുടർന്ന് പൊലീസ് ആസ്‌ട്രേലിയയിലുള്ള യുവതിയുടെ പിതാവുമായി ബന്ധപ്പെട്ടു. ഏകദേശം ഒരു വർഷം മുമ്പ് യുവതി താമസിച്ചിരുന്ന വിലാസം അദ്ദേഹം കൈമാറി. എന്നാൽ ലഭ്യമായ രേഖകൾ പരിശോധിച്ചിട്ടും യുവതിയുടെ ഇപ്പോഴത്തെ സ്ഥലം ഉടൻ കണ്ടെത്താനായില്ല.
ഇതിനിടെ ഡ്യൂട്ടി ഓഫീസർ യുവതിയുടെ ഏറ്റവും പുതിയ ഫോട്ടോ പിതാവിനോട് മെസേജിങ് ആപ്ലിക്കേഷൻ വഴി അയക്കാൻ ആവശ്യപ്പെട്ടു. ഫോട്ടോകൾ പ്രദേശത്തെ പട്രോൾ ഉദ്യോഗസ്ഥർക്കും സൂപ്പർവൈസർമാർക്കും കൈമാറി. തിരച്ചിലിനിടെ ഒരു കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ ഫോട്ടോയിലെ യുവതിയെ തിരിച്ചറിഞ്ഞു. യുവതി ഒരു റൂംമേറ്റിനൊപ്പം അതേ കെട്ടിടത്തിൽ താമസിക്കുന്നതായി സുരക്ഷാ ജീവനക്കാരൻ പൊലീസിനെ അറിയിച്ചു.
ഉടൻ തന്നെ പൊലീസ് സംഘവും ആംബുലൻസ് ജീവനക്കാരും അപ്പാർട്ട്മെന്റിലെത്തി. വലിയ അളവിൽ ഗുളികകൾ കഴിച്ച് ഗുരുതരാവസ്ഥയിൽ കിടക്കുന്ന യുവതിയെയാണ് അവിടെ കണ്ടെത്തിയത്. അടിയന്തര ചികിത്സ നൽകിയ ശേഷം യുവതിയെ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ സമയോചിതമായ ചികിത്സയിലൂടെ യുവതിയുടെ ജീവൻ രക്ഷിക്കാനായി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ദുബൈ പൊലീസ് ആസ്‌ട്രേലിയയിലുള്ള പിതാവിനെ വിവരമറിയിക്കുകയും മകൾ സുരക്ഷിതയാണെന്നും ചികിത്സയിലാണെന്നും അറിയിക്കുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.