മീഡിയവണ്‍ മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് പുരസ്കാരം നേടിയ വിദ്യാർഥികള്‍
ദുബൈ: സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഓരോ പുരസ്കാരവുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇയിലും ഇന്ത്യയിലും അനന്തസാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദുബൈ അക്കാദമിക് സിറ്റിയിലെ സ്റ്റഡി വേള്‍ഡ് കാമ്പസില്‍ മീഡിയവണ്‍ സംഘടിപ്പിച്ച മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
`യു.എ.ഇയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന മീഡിയവണിന്റെ പരിപാടി ശ്ലാഘനീയമാണ്. ഇത് വിദ്യാർഥികളും സ്കൂളുകളും അവരുടെ മികവ് പുറത്തെടുക്കാൻ പ്രചോദനമാകും. ഇന്ത്യന്‍ വിദ്യാർഥികള്‍ യു.എ.ഇയിലും ആഗോളതലത്തിലും നേട്ടങ്ങളുണ്ടാക്കുന്നു എന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇതവരുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ്.
യു.എ.ഇയില്‍ രണ്ട് ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ സി.ബി.എസ്.ഇ സ്കൂളുകളുള്ളത് ഇവിടെയാണ്. ഈ മാസം തുടക്കത്തില്‍ സി.ബി.എസ്.ഇയുടെ ആദ്യത്തെ വിദേശ ഓഫിസ് ദുബൈയില്‍ ആരംഭിച്ചു. ഐ.ഐ.ടി അടക്കം നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യു.എ.ഇയിലെത്തി. വിഖ്യാത മാനേജ്മെന്റ് സ്ഥാപനമായ ഐ.ഐ.എം യു.എ.ഇയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. സ്കൂള്‍ വിദ്യാഭ്യാസം കഴിയുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിരവധി വാതിലുകളാണ് തുറക്കപ്പെടുന്നത്.' - സതീഷ് കുമാര്‍ ശിവന് ചൂണ്ടിക്കാട്ടി.
പുതുസാങ്കേതിക വിദ്യയുടെ ഇടമായ യു.എ.ഇയില്‍ വിദ്യാർഥികള്‍ക്ക് നിരവധി സാധ്യതകളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിന്‍ടെക്, ബഹിരാകാശം, ബ്ലോക് ചെയ്ന്‍, റോബോട്ടിക്സ്, നിര്‍മിത ബുദ്ധി തുടങ്ങിയവയില്‍ യു.എ.ഇ ശ്രദ്ധയൂന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക കേന്ദ്രമാക്കി ദുബൈയെ മാറ്റാനാണ് ശ്രമം. ഈ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് ധാരാളം അവസരങ്ങളാണുള്ളത്- അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പുരോഗതിയിലാണ് വിദ്യാര്‍ഥികളുടെ ഭാവിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദുബൈ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഈസ മുഹമ്മദ് അല്‍ ബസ്തകി പറഞ്ഞു. നിര്‍മിതബുദ്ധിയും റോബോട്ടിക്സും എല്ലാ മേഖലയിലും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. എല്ലാറ്റിനുമപ്പുറത്ത് സൈബര്‍ സുരക്ഷ അവസരങ്ങളുടെ വലിയ ഇടമായി നില്ക്കുന്നു.
വിദ്യാര്‍ഥികള്‍ക്ക് ഇത് മുതലെടുക്കാനാകണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈയിലെ മുന്നൂറിലേറെ വിദ്യാര്‍ഥികളാണ് പുരസ്കാരം സ്വീകരിച്ചത്. സതീഷ് കുമാര്‍ ശിവന്, ഡോ. ഈസ മുഹമ്മദ് അല്‍ ബസ്തകി, ഖലീജ് ടൈംസ് മാനേജിങ് എഡിറ്റര്‍ ഡോ. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, മീഡിയവണ്‍ സി.ഇ.ഒ റോഷന് കക്കാട്ട്, ഹിറ്റ് എഫ്.എം പ്രോഗ്രാമിങ് മേധാവി മിഥുന് രമേശ്, മീഡിയവണ്‍ ജി.സി.സി ഓപറേഷന്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് ജനറല്‍ മാനേജര്‍ സവാബ് അലി, മീഡിയവണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ ഓപറേഷന്‍സ് മേധാവി എം.സി.എ നാസര്‍ എന്നിവര്‍ പുരസ്കാരം വിതരണം ചെയ്തു. ഗിന്നസ് വേള്‍ഡ് റെക്കോഡ് ജേതാവ് ഗായിക സുചേത സതീഷിനെ ചടങ്ങില്‍ ആദരിച്ചു.
മീഡിയവണ്‍ മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് പുരസ്കാരച്ചടങ്ങ് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് ഉദ്ഘാടനം ചെയ്യുന്നു
അല്‍ബാബ് ഗ്രൂപ് എം.ഡി ജംഷീര്‍, വൈറ്റ്ലൈന്‍ ഫാഷന്‍സ് എം.ഡി ഇസ്ഹാഖ്, അസ്യാന്‍ ഗോള്‍ഡ് എം.ഡി സജാദ് സി.എച്ച്, വൈറ്റ്ലൈന്‍ ഫാഷന്‍സ് ഫൈനാന്‍സ് മാനേജര്‍ റഊഫ്, സ്റ്റഡി വേള്‍ഡ് എജുക്കേഷന്‍ ഹോള്‍ഡിങ് മാര്‍ക്കറ്റിങ് മാനേജര്‍ വര്‍തിക മേനോന്, മലബാര്‍ തട്ടുകട എം.ഡി എം.എ അബ്ദുല്‍ ജലീല്‍, അബ്കോണ്‍ ഗ്രൂപ് ചെയര്മാന് മുഹമ്മദ് എന്‍.പി, റെയിന്‍ബോ വാട്ടര്‍ സെയില്‍സ് മാനേജര്‍ അസ്ലം തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. യു.എ.ഇ സ്കൂളുകളില്‍ നിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയാണ് മീഡിയവണ്‍ ആദരിക്കുന്നത്. അബൂദബിയില്‍ ഞായറാഴ്ചയും അജ്മാനില്‍ 29നുമാണ് പുരസ്കാരദാന ചടങ്ങുകള്‍. അബൂദബി യൂനിവേഴ്സിറ്റിയാണ് ഇന്നത്തെ പരിപാടിക്ക് വേദിയാകുക. നോര്‍ത്ത് ഗ്രേറ്റ് ബ്രിട്ടീഷ് സ്കൂളിലാണ് അജ്മാനിലെ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.