പച്ചപ്പട്ടണിയാൻ ദുബൈ
ദുബൈ: 2040ഓടെ ദുബൈയെ പച്ചപ്പട്ടണിയിക്കാൻ അധികൃതർ. 14 വർഷത്തിനകം ഏകദേശം 35 ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കാനും നഗരത്തിലെ ഹരിത പ്രദേശങ്ങൾ 187 ചതുരശ്ര കിലോമീറ്ററായി ഉയർത്താനും ലക്ഷ്യമിട്ട് ദുബൈ മുനിസിപ്പാലിറ്റി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ആളോഹരി പച്ചപ്പ് 11 ചതുരശ്ര മീറ്ററാക്കുക, നഗരത്തിലെ പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലും പ്രതിവർഷം 9.5 കോടി സന്ദർശകരെ ആകർഷിക്കുക എന്നിവയാണ് പദ്ധതിയുടെ മറ്റു പ്രധാന ലക്ഷ്യങ്ങൾ.
മുഹമ്മദ് ബിൻ റാശിദ് ലീഡർഷിപ്പ് ഫോറത്തിലെ ‘ദുബൈ മുനിസിപ്പാലിറ്റിയും ദുബൈയിലെ ജീവിതവും 2033’ എന്ന വിഷയത്തിൽ നടന്ന സെഷനിലാണ് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ ബിൻ ഖലിത ഭാവി വികസന കാഴ്ചപ്പാടുകൾ വിശദീകരിച്ചത്. ചടങ്ങിൽ പുതിയ തലമുറയിലെ നേതാക്കളെ വാർത്തെടുക്കുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് ബിൻ ഖലിതക്ക് ‘മുഹമ്മദ് ബിൻ റാശിദ് ലീഡർഷിപ്പ് മെഡലും’ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവിക്ക് ‘മുഹമ്മദ് ബിൻ റാശിദ് സാഷും’ നൽകി ആദരിച്ചു.
തുടർച്ചയായി ആറാം വർഷവും ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ദുബൈ തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ. ഹരിത വികസനത്തിന് പുറമെ, 2033ഓടെ പുതിയ കെട്ടിടങ്ങളുടെ 40 ശതമാനവും ആധുനിക, സ്മാർട്ട് നിർമാണ സാങ്കേതികവിദ്യകൾ സ്വീകരിക്കുക, മാലിന്യങ്ങൾ 100 ശതമാനവും ലാൻഡ്ഫില്ലുകളിൽനിന്ന് ഒഴിവാക്കി പുനരുപയോഗിക്കുക തുടങ്ങിയ പദ്ധതികളും മുനിസിപ്പാലിറ്റിയുടെ മുൻഗണനകളിൽ ഉൾപ്പെടുന്നു.
പ്രതിവർഷം 5.77 ലക്ഷത്തിലധികം ഭക്ഷ്യ ഉൽപന്നങ്ങൾ പരിശോധനക്ക് വിധേയമാക്കാനും നഗരാസൂത്രണത്തിന് എ.ഐ, ഡിജിറ്റൽ ട്വിൻ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നു. ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് അതിവേഗ തീരുമാനങ്ങളെടുക്കാനും വെല്ലുവിളികളെ മികച്ച പദ്ധതികളാക്കി മാറ്റാനുമുള്ള ദുബൈയുടെ കഴിവാണ് നഗരത്തെ ലോകത്തിന് മാതൃകയാക്കുന്നതെന്ന് ബിൻ ഖലിത വ്യക്തമാക്കി.
മഴവെള്ള ഡ്രെയിനേജ് ശേഷി 700 ശതമാനം വർധിപ്പിക്കുന്ന 3,000 കോടി ദിർഹത്തിന്റെ ‘തസ്രീഫ്’ പദ്ധതിയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പുരോഗമിക്കുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിദിനം രണ്ടുകോടി ക്യുബിക് മീറ്ററിലധികം മഴവെള്ളം കൈകാര്യം ചെയ്യാൻ സാധിക്കും. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നതിലൂടെ താമസിക്കാനും ജോലിയെടുക്കാനും സന്ദർശിക്കാനും ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബൈ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.