'ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ ക്ഷേമം എന്നതാണ് ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. -ലോകാരോഗ്യ സംഘടനയുടെ ഭരണഘടനയിൽ പറയുന്ന വാക്യമാണിത്. എത്രത്തോളം ആരോഗ്യപരമായ ജീവിതശൈലി പുലർത്തുന്നവരാണെങ്കിലും ജന്മനാലോ ചുറ്റുപാടുകളാലോ ചിലപ്പോൾ അസുഖബാധിതരായേക്കാം. എങ്കിലും, ആരോഗ്യമുള്ള മനസ്സുണ്ടെങ്കിൽ ഇതെല്ലാം മറികടക്കാം. ആരോഗ്യമുള്ള ശരീരം എന്നാൽ ആരോഗ്യമുള്ള മനസ്സ് എന്ന് കൂടി അർഥമുണ്ട്. എങ്കിലേ ജീവിതനിലവാരം മെച്ചപ്പെടൂ. മാനസികാരോഗ്യം എന്നാൽ നമ്മുടെ വികാരങ്ങളും ചിന്തകളും വിശ്വാസങ്ങളും എല്ലാം ചേർന്നതാണ്. ശാരീരികമായി അസ്വസ്ഥതകൾ അനുഭവിക്കുന്ന ഒരാൾക്ക് കരുത്തുറ്റ മനസ്സുണ്ടെങ്കിൽ എല്ലാ അസുഖങ്ങളെയും പമ്പ കടത്താം.
മനസ്സും ശരീരവും ഒന്നിച്ചു സംവദിച്ചാലേ ഒരു മനുഷ്യൻ ഫിറ്റ് ആകുന്നുള്ളൂ. മാനസിക നില തെറ്റി വിഷാദ രോഗത്തിൽ എത്തുമ്പോൾ അതു ശരീരത്തെയും ബാധിക്കും. തിരിച്ചു ശാരീരിക ബുദ്ധിമുട്ടുകൾ മനസ്സിനെയും ബാധിക്കും. ആരോഗ്യവാനായിരിക്കുക എന്നതാണ് ഇക്കാലത്ത് ഒരാൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട വിഷയം. ശാരീരികമായ ആരോഗ്യത്തിനു ക്രമമായ വ്യായാമം, സമീകൃത ആഹാരം, വിശ്രമം എന്നിവ അത്യാവശ്യമാണ്. അസുഖകരമായ അവസ്ഥ ഉണ്ടെങ്കിലും മുകളിൽ പറഞ്ഞതെല്ലാം പാലിക്കേണ്ടതുണ്ട്.
മാനസികമായി കരുത്തരായിരിക്കാൻ ചില പൊടിക്കൈകളുണ്ട്. ജീവിതത്തിൽ പോസിറ്റിവ് ചിന്താഗതികൾ നിറക്കുക എന്നതാണ് ഇതിൽ പ്രധാനം. നെഗറ്റിവിനെ മാറ്റി നിർത്തണം. നമ്മുടെ ചുറ്റിലുമുള്ളവരുമായി നല്ല ബന്ധം പുലർത്തണം. കുടുംബ ബന്ധങ്ങളെയും നല്ല സുഹൃത് ബന്ധങ്ങളെയും ചേർത്തു നിർത്തുക.
കൊളസ്ട്രോൾ, ഡയബറ്റിസ്, ബ്ലഡ് പ്രഷർ, അമിതവണ്ണം എന്നിവ ജീവിതശൈലി കൊണ്ട് ഉണ്ടാകുന്നതാണെന്ന് പറയപ്പെടുന്നു. ജന്മനാലും ഇത്തരം അസുഖങ്ങൾ ഉണ്ടാകാറുണ്ട്. മെച്ചപ്പെട്ട ജീവിതശൈലി പിന്തുടരണമെന്ന് പറയുന്നത് ഇത്തരം രോഗങ്ങളെ മാറ്റി നിർത്താൻ വേണ്ടിയാണ്. ഇത് ഒരു പരിധി വരെ തടയാൻ ശാരീരിക വ്യായാമങ്ങൾക്ക് കഴിയും. എയറോബിക്സ്, യോഗ എന്നിവ ഉൾപ്പെടുത്താം.
കോവിഡ് കാലത്ത് ആരോഗ്യം സംരക്ഷിക്കാം:
കോവിഡ് കാലത്തു പാലിച്ചു പോരാവുന്ന ഏറ്റവും പ്രധാനപ്പെട്ടത് ശ്വസന വ്യയാമമാണ്. ശ്വസന പ്രക്രിയയെ വളരെ നല്ല രീതിയിൽ ഇത് സ്വാധീനിക്കും. ശരീര ശുദ്ധി, കൈകൾ സാനിറ്റൈസ് ചെയ്യുക, മാസ്ക് ശീലമാക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയും പ്രധാനമാണ്.
ആവശ്യമായ പ്രോട്ടീൻ, കാർബോ ഹൈേഡ്രറ്റ്സ്, വിറ്റാമിൻ, മിനറൽസ് തുടങ്ങിയവ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കഴിക്കാൻ ശ്രമിക്കണം. കടുത്ത മാനസികസമ്മർദം നേരിടാനും മനസ്സിനെ ശാന്തമാക്കാനും മെഡിറ്റേഷനും യോഗയും സഹായിക്കും.
ആരോഗ്യമുള്ള മനസ്സും ശരീരവും വാർത്തെടുക്കുകയാകട്ടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.