വാഗ്ദാനപ്പെരുമഴയുമായി പ്രകടനപത്രിക; പ്രവാസി വോട്ടിൽ കണ്ണെറിഞ്ഞ് മുന്നണികൾ

ദുബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ പിന്തുണ ഉറപ്പാക്കാൻ വിപുലമായ പുനരധിവാസ-ക്ഷേമ പദ്ധതികളുമായി രാഷ്ട്രീയ മുന്നണികൾ. പതിറ്റാണ്ടുകളായി പ്രവാസി വോട്ടവകാശം എന്ന ആവശ്യം ഫയലുകളിൽ വിശ്രമിക്കുമ്പോഴാണ്​ ക്ഷേമത്തിനും പുനരധിവാസത്തിനുമായി വൻ പദ്ധതികളുമായി ഇടത്-വലത് മുന്നണികൾ ഇത്തവണയും പ്രകടനപത്രിക നിരത്തുന്നത്. പെൻഷൻ പരിഷ്കരണം, തൊഴിൽ സുരക്ഷ, വ്യവസായ സംരംഭങ്ങൾക്കുള്ള സഹായം എന്നിവയിൽ ഊന്നൽ നൽകുന്നതാണ്​ പ്രഖ്യാപനങ്ങൾ.

പുതിയ നിയമനിർമാണങ്ങളിലൂടെയും ഭരണ പരിഷ്കാരങ്ങളിലൂടെയും പ്രവാസികളെ സഹായിക്കുമെന്നാണ്​ യു.ഡി.എഫ് വാഗ്ദാനം. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്കായി സമഗ്രമായ പുനരധിവാസ പാക്കേജ്​, സ്വത്ത് സംരക്ഷിക്കാൻ പ്രത്യേക ട്രൈബ്യൂണൽ, കേന്ദ്ര സർക്കാരിന്‍റെ എമിഗ്രേഷൻ ഫണ്ട് പ്രയോജനപ്പെടുത്തി തിരിച്ചെത്തുന്നവർക്ക് പ്രത്യേക പദ്ധതികൾ, പ്രവാസികൾക്കും മാതാപിതാക്കൾക്കും നോർക്ക കെയർ വഴി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയാണ്​ വാഗ്ദാനങ്ങളിൽ പ്രധാനം. കൂടാതെ പ്രവാസി ക്ഷേമനിധി ബോർഡിന് സർക്കാർ നൽകുന്ന വിഹിതം ഉയർത്തും.

60 വയസ്​ കഴിഞ്ഞവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിലെ നിലവിലെ പ്രായപരിധി ഉൾപ്പെടെയുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കും. പ്രവാസി പെൻഷൻ തുക വർധിപ്പിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പ്രവാസി സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപവത്​കരിക്കും. കുടുംബശ്രീ മാതൃകയിൽ പ്രവാസി അയൽക്കൂട്ടങ്ങൾ രൂപവത്​കരിച്ച് ചെറുകിട തൊഴിൽ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. പ്രവാസി ക്ഷേമത്തിനായി പ്രത്യേക തൊഴിൽ നൈപുണ്യ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും യു.ഡി.എഫ് പത്രികയിലുണ്ട്.

തിരിച്ചെത്തുന്ന പ്രവാസികൾക്കും തിരിച്ചറിയൽ കാർഡുകൾ നൽകുമെന്നും, നോർക്ക വഴി ലഭിക്കുന്ന സഹായങ്ങൾക്കുള്ള നിബന്ധനകൾ ലഘൂകരിക്കുമെന്നും വ്യക്തമാക്കുന്നു. അതേസമയം, നവകേരള നിർമാണത്തിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനും അവരുടെ ക്ഷേമം മുൻനിർത്തിയുമുള്ള വിപുലമായ പദ്ധതികളുമായാണ് എൽ.ഡി.എഫ് പ്രകടനപത്രിക. നിലവിലെ പദ്ധതികളുടെ വിപുലീകരണമാണ്​ ഇതിൽ കൂടുതലും. പ്രവാസികളുടെ പുനരധിവാസത്തിനായുള്ള പ്രത്യേക പാക്കേജാണ്​ പ്രധാന ആകർഷണം.

സംരംഭങ്ങൾ തുടങ്ങുന്നവർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പയും സാങ്കേതിക സഹായവും നോർക്ക വഴി ലഭ്യമാക്കും. പ്രവാസി പെൻഷൻ തുക ഘട്ടംഘട്ടമായി വർധിപ്പിക്കും. കേരളത്തിന്‍റെ സ്വന്തം വിമാനക്കമ്പനി എന്ന ലക്ഷ്യം യാഥാർഥ്യമാക്കും. തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്‍ററുകൾ വഴി ഏകജാലക സംവിധാനവും സബ്സിഡികളും ഉറപ്പാക്കും. പ്രവാസി ഡിവിഡന്‍റ്​ സ്കീം കൂടുതൽ വിപുലീകരിക്കാനും വീടില്ലാത്ത പ്രവാസികൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ മുൻഗണന നൽകുമെന്നും പറയുന്നു.

അന്താരാഷ്ട്ര നിലവാരമുള്ള നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. പ്രവാസികളുടെ മക്കൾക്കായി സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും അനുവദിക്കും. ​ലോകകേരള സഭ പ്രവാസികളുടെ പരാതികൾ പരിഹരിക്കാനുള്ള സ്ഥിരം വേദിയാക്കി മാറ്റാനും പദ്ധതിയുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ധനസഹായവും ആംബുലൻസ് സർവീസുകളും ശക്തിപ്പെടുത്തുമെന്നും ഇടത് പ്രകടനപത്രിക വ്യക്തമാക്കുന്നു. അതേസമയം എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും വാഗ്ദാനങ്ങളിൽ പലതും സംസ്ഥാന പ്രവാസി കാര്യ വകുപ്പും നോർക്കയും നേരത്തെ പ്രഖ്യാപിച്ചത് തന്നെയാണെന്നാണ് പ്രവാസലോകത്തുള്ളവർ പറയുന്നത്.

Tags:    
News Summary - Manifesto full of promises; Fronts eyeing expatriate votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.