സുൽത്താന സഫീർ ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു
ദുബൈ: ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമി സംഘടിപ്പിച്ച ‘ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പി’ൽ ഒന്നാം സമ്മാനം നേടി കൊല്ലം സ്വദേശി സുൽത്താന സഫീർ. ഒന്നര ലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 1.28 കോടി ഇന്ത്യൻ രൂപ) പുരസ്കാരമാണ് സുൽത്താന സ്വന്തമാക്കിയത്.
ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽനിന്ന് ഇവർ പുരസ്കാരം സ്വീകരിച്ചു.
132 രാഷ്ട്രങ്ങളിൽനിന്നുള്ള 4710 മത്സരാർഥികളിൽനിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്. പന്ത്രണ്ട് എൻട്രികളാണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നത്. നാല് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. ഇതിൽ ബെസ്റ്റ് യൂത്ത് മെയ്ഡ് ആപ് പുരസ്കാരമാണ് സുൽത്താന നേടിയത്.
ഫുജൈറയിൽ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന സഫീറിന്റെയും റീജയുടെയും മകളാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ് ശൈഖ് ഹംദാൻ ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 1100 എൻട്രികളാണ് ലഭിച്ചിരുന്നത്. ഇത്തവണ 328 ശതമാനം വർധനവാണ് എൻട്രികളിൽ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.