ദുബൈ അല്ഖൂസിൽ സംഘടിപ്പിച്ച അല്‍മനാര്‍ ഈദ് ഗാഹില്‍ എത്തിച്ചേർന്ന വിശ്വാസികൾ
ദുബൈ: സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ആഘോഷമാണ് ഈദുല്‍ അദ്ഹയെന്നും ത്യാഗമനോഭാവവും സന്നദ്ധതയുമുണ്ടെങ്കില്‍ ഏത് പരീക്ഷണങ്ങളെയും നേരിടാന്‍ കഴിയുമെന്നതാണ് അതിന്റെ സന്ദേശമെന്നും മൗലവി മുഹമ്മദ് കൊമ്പന്. ദുബൈ അല്ഖൂസിൽ അല്‍മനാര്‍ ഈദ് ഗാഹില്‍ പെരുന്നാൾ ഖുതുബ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്ത് വ്യത്യസ്തങ്ങളായ പരീക്ഷണങ്ങള്‍ നേരിടുന്ന വിശ്വാസി സമൂഹത്തിന് ഇബ്റാഹീം നബിയുടെ ത്യാഗത്തിലും സന്നദ്ധതയിലും വലിയ പാഠങ്ങളുണ്ട്.
ഈ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുവാന്‍ കഴിഞ്ഞാല്‍ ഏതു പരീക്ഷണങ്ങളെയും നേരിടുവാന്‍ വിശ്വാസി സമൂഹത്തിന് സാധിക്കും. ഇതാണ് ഈദുല്‍ അദ്ഹയുടെ സന്ദേശം -അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മലയാളികളുടെ സംഗമം കൂടിയായിരുന്നു ഈദ് ഗാഹ്. ഷാർജ മതകാര്യവകുപ്പ്, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് ഫുട്ബാൾ ക്ലബ്ബ് ഗ്രൗണ്ടിൽ മലയാളികൾക്കായി സംഘടിപ്പിച്ച ഈദ്ഗാഹിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പേർ പങ്കെടുത്തു.
സഹസ്രാബ്ദങ്ങൾക്കപ്പുറത്തെ ഓർമകളിൽനിന്നും പാഠങ്ങൾ സ്വീകരിക്കുകയാണ് ബലിപെരുന്നാളിലൂടെ വിശ്വാസികൾ ചെയ്യേണ്ടതെന്ന് പ്രമുഖ പണ്ഡിതൻ ഹുസൈൻ സലഫി ഖുതുബയിൽ ഉദ്ബോധിപ്പിച്ചു. മുസ്ലിം സമൂഹം പ്രതിസന്ധികൾ നേരിടുമ്പോൾ ലോകരക്ഷിതാവിൽ ഭരമേൽപ്പിക്കാനും മനഃസാന്നിധ്യത്തോടെ പ്രശ്നങ്ങളെ നേരിടാനും ഇബ്റാഹീംനബിയുടെ പാഠങ്ങൾ പ്രാപ്തരാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.മായിൻകുട്ടി അജ്മാൻ, ശംസുദ്ദീൻ മിർദിഫ്, അബ്ദുൽസലാം ആലപ്പുഴ, റഷീദ് എമിരേറ്റ്സ്, റഷീദ് ആലപ്പുഴ, യൂസഫ് പട്ടാമ്പി, ഷമീം ഇസ്മായിൽ, അഷ്റഫ് പുതുശ്ശേരി തുടങ്ങിവർ സംഘാടനത്തിന് നേതൃത്വം നൽകി.
പെരുന്നാൾ അവധി നാളെ വരെ
ദുബൈ: യു.എ.ഇയിലെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ആരംഭിച്ച ബലി പെരുന്നാൾ അവധി തിങ്കളാഴ്ചവരെ. അവധി കഴിഞ്ഞ് ചൊവ്വാഴ്ചയാണ് അടുത്ത പ്രവൃത്തി ദിവസം. അവധി ദിവസങ്ങളിൽ വിവിധ എമിറേറ്റുകളിൽ സൗജന്യ പാർക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിന് നിശ്ചയിച്ച വേഗപരിധികൾ പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാനായി എല്ലാ റോഡുകളിലും മാർക്കറ്റുകളിലും വാണിജ്യ മേഖലകളിലും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പെരുന്നാൾ അവധി ദിനങ്ങളെത്തിയതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചിട്ടുണ്ട്.
അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് 20 ലക്ഷം ധനസഹായം
അജ്മാന്: ബലിപെരുന്നാള്‍ പ്രമാണിച്ച് അജ്മാനിലെ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്ക് 20 ലക്ഷം ദിര്‍ഹത്തിന്റെ ധനസഹായം പ്രഖ്യാപിച്ചു. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശത്തെ തുടർന്നാണ് ഉത്തരവ്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജീവിത പ്രതിബന്ധങ്ങളെ നേരിടുന്നതിനുമായാണ് ഈ ആനുകൂല്യം.
കൂടുതല്‍ സ്വദേശികളെ ഈ തൊഴില്‍രംഗത്തേക്ക് ആകര്‍ഷിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണയായും തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായാണ് ധനസഹായം പ്രഖ്യാപിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എമിറേറ്റിലെ അംഗീകൃത മത്സ്യത്തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.