ദുബൈ: വൈദ്യുതി, ഊര്‍ജ മേഖലയിലെ പുത്തന്‍ ചലനങ്ങളുടെ ഖജനാവ് തുറന്ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ആരംഭിച്ച മിഡില്‍ ഈസ്റ്റ് ഇലക്ട്രിസിറ്റി സോളാര്‍ പ്രദര്‍ശന സമ്മേളനത്തില്‍ സ്മാര്‍ട് സിറ്റികള്‍ക്ക് ഗുണകരമാകുന്ന പദ്ധതികള്‍ നിര്‍ദേശിച്ച് മലയാളി വിദ്യാര്‍ഥികള്‍. മേളയിലെ സ്മാര്‍ട്സിറ്റി വിഭാഗത്തിലെ പ്രദര്‍ശന മത്സരത്തില്‍ യു.എ.ഇയിലെ വിവിധ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചാണ് ഇവരത്തെിയിരിക്കുന്നത്.
ഊര്‍ജ സംരക്ഷണം, ബദല്‍ ഊര്‍ജം, ചെലവുകുറഞ്ഞ ഊര്‍ജ ഉത്പാദനം, ജലപുനരുപയോഗം, മാലിന്യ സംസ്കരണം എന്നിവക്കായി നിരവധി പ്രോജക്ടുകളുടെ മാതൃകകള്‍ മത്സരത്തില്‍ അണി നിരത്തിയിട്ടുണ്ട്. റോഡുകളിലെ സ്പീഡ്ബ്രേക്കറുകള്‍ മുഖേന വൈദ്യൂതി ഉല്‍പാദനത്തിന് സാധ്യത സൂചിപ്പിക്കുന്ന പദ്ധതിയാണ് റോച്ചസ്റ്റര്‍ ഇന്‍സ്റ്റിട്യുട്ട് ഒഫ് ടെക്നോളജി (ആര്‍.ഐ.ടി)യിലെ സംഘം അവതരിപ്പിച്ചത്. സ്ഥാപനത്തിലെ അധ്യാപകന്‍ ഡോ. ഗാലിബ് കഹ്വാജിയുടെ ശിഷ്യന്‍മാരായ തൃത്താല കൂടല്ലൂര്‍ സ്വദേശി സമീഹ് പൊന്നേരിയും മൂവാറ്റുപുഴ ചെറുവട്ടൂര്‍ സ്വദേശി ആദില്‍ റഷീദുമാണ് പദ്ധതിയുടെ മുഖ്യ അണിയറക്കാര്‍. സല്‍മാന്‍ നദീം, അഹ്മദ് ജല്‍ബോബി എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍. മെട്രോ ട്രെയിനോടിക്കാന്‍ സൗരോര്‍ജം ഉപയോഗിക്കുന്ന പദ്ധതി റാസല്‍ഖൈമ വെസ്റ്റേണ്‍ ഇന്‍റര്‍നാഷനല്‍ കോളജ് സംഘം അവതരിപ്പിക്കുന്നു. മെട്രോ പ്രവര്‍ത്തനത്തിന് വന്‍തോതില്‍ വൈദ്യുതി വിനിയോഗം വേണമെന്നതിനാല്‍ സൗരോര്‍ജമാണ് ഏറ്റവും അനുയോജ്യമെന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന ഇരിങ്ങാലക്കുട സ്വദേശി വിദ്യാ രാഗേഷ് പറയുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും ആഗോള താപനത്തിന്‍െറ തോത് കുറക്കുന്നതിനും ഇത് സഹായകമാവും.
മലയാളിയായ വിജയകുമാര്‍, കൈനത് അംജദ് എന്നിവരാണ് ടീമംഗങ്ങള്‍. തെരുവുവിളക്കുകള്‍ക്ക് സൗരോര്‍ജം ഉപയോഗിക്കാനും വയര്‍ലെസ് ഊര്‍ജ കൈമാറ്റം സാധ്യമാക്കാനുമാണ് റാസല്‍ഖൈമയിലെ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്കനോളജിയിലെ സംഘം മുന്നോട്ടുവെക്കുന്ന പദ്ധതി. അസി. പ്രഫസര്‍ ചേത്നാ നാഗ്പാലിന്‍െറ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി നാദിയയും കോഴിക്കോട് സ്വദേശി ഹാഫിസുമാണ് പ്രോജക്ട് തയ്യാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.