സാംബിയയിൽ ആരംഭിച്ച ഹംഗർ ഫ്രീ വേൾഡ് പദ്ധതിയിൽ സ്കൂൾ കുട്ടികൾക്ക് ഭക്ഷണം
വിതരണം ചെയ്യുന്ന ചടങ്ങിൽ സാംബിയ വിദ്യാഭ്യാസ മന്ത്രി ഡഗ്ലസ് സ്യകലിമ,
മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം തുടങ്ങിയവർ
ദുബൈ: ആഗോള തലത്തിൽ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും നിർമാർജനം ചെയ്യാൻ മലബാർ ഗ്രൂപ് നടത്തിവരുന്ന ഹംഗർ ഫ്രീ വേൾഡ് പദ്ധതിക്ക് സാംബിയയിൽ തുടക്കം. ലുസാക്കയിലെ ജോൺ ലയിങ് പ്രൈമറി സ്കൂളിൽ നടന്ന ചടങ്ങിൽ സാംബിയൻ വിദ്യാഭ്യാസ മന്ത്രി ഡഗ്ലസ് സ്യകലിമ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, ദുബൈയിലെ സാംബിയ കോൺസൽ ജനറൽ ജെറി മുഉക്ക, സൗദി അറേബ്യയിലെ സാംബിയ അംബാസഡർ ഡങ്കൻ മുലിമ, സാംബിയയിലെ ഇന്ത്യൻ ഹൈകമീഷൻ ഡെപ്യൂട്ടി ഹൈകമീഷണർ ആരിഫ് സയീദ്, മറ്റ് സാംബിയൻ സർക്കാർ ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ, വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാംബിയയിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിക്ക് മൂന്ന് വർഷത്തിനുള്ളിൽ പത്ത് ലക്ഷം ഡോളർ നൽകുമെന്ന് മലബാർ ഗ്രൂപ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സാംബിയയിലെ ജോൺ ലയിങ് പ്രൈമറി സ്കൂൾ, ചിങ്വെലെ പ്രൈമറി സ്കൂൾ, മാമ്പിലിമ പ്രൈമറി സ്കൂൾ എന്നിവിടങ്ങളിലെ 10,000 വിദ്യാർഥികൾക്ക് പ്രതിദിനം ഭക്ഷണം നൽകും. പട്ടിണിയില്ലാത്ത ലോകം എന്ന ആശയത്തെ മുൻ നിർത്തി മലബാർ ഗ്രൂപ് 2022ൽ ആരംഭിച്ചതാണ് ഹംഗർ ഫ്രീ വേൾഡ് പദ്ധതി. നിലവിൽ ഇന്ത്യയിലുടനീളം നിരവധി കേന്ദ്രങ്ങൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഇതുവഴി രാജ്യത്തെ 81 നഗരങ്ങളിൽ പ്രതിദിനം 5500 പേർക്ക് പോഷകസമൃദ്ധമായ ആഹാരം നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.