ദുബൈയെ കൂടുതൽ ഹരിതസുന്ദരമാക്കുന്നു; ചെലവ് 47 കോടി ദിർഹം

ദുബൈ: എമിറേറ്റിന്‍റെ ഹരിതസൗന്ദര്യം വർധിപ്പിക്കുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി കോസ്‌മെറ്റിക് അഗ്രികൾച്ചർ പദ്ധതികൾ നടപ്പാക്കുന്നു.

20 ലക്ഷം ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ദുബൈയിലെ നിലവിലെ റോഡുകൾ, സ്ക്വയറുകൾ, ഇന്‍റർസെക്ഷനുകൾ എന്നിവിടങ്ങളിൽ കൂടുതൽ ചെടികൾ നട്ടുപിടിപ്പിക്കുന്ന 13 പദ്ധതികളാണ് ദുബൈ മുനിസിപ്പാലിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ 10 പദ്ധതികളിൽ ഓട്ടോമാറ്റിക് ജലസേചന ലൈനുകളാണ് ഉണ്ടാകുക. ഇവയിലെ പ്രധാന ലൈനുകൾക്ക് 1300 മീറ്റർ നീളമുണ്ടാകും.

സെക്കൻഡറി ഇറിഗേഷൻ ലൈനുകൾ 6,21,000 മീറ്ററാണ് ഉണ്ടാകുകയെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനുപുറമെ നിലവിലെ പ്രധാന ജലസേചന ശൃംഖലകളും വികസിപ്പിക്കും. റീസൈക്കിൾ ചെയ്യുന്ന വെള്ളത്തിന്‍റെ ഉപയോഗം ക്രമീകരിക്കുന്നതിന് നൂതന സംവിധാനവും ഏർപ്പെടുത്തും. ഒരുവർഷത്തിനുള്ളിൽ ഈ പദ്ധതികളെല്ലാം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ദുബൈയെ ഹരിതാഭമാക്കുകയെന്ന കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതിന് മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, അൽ ഖൈൽ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഇന്‍റർസെക്ഷനുകളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. അൽ ഖവനീജ്, അൽ അവീർ, മസ്ഹർ, മിർദിഫ്, നാദൽ ഷെബ, അൽ ലിസൈലി, അൽ മർമൂം, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെ പ്രധാന ജലസേചന ശൃംഖലകൾ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Making Dubai greener; The cost is 47 crore dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.