ദുബൈ: വയനാട് മുസ്ലിം ഓര്‍ഫനേജ് (ഡബ്ല്യു.എം.ഒ) ജനറല്‍ സെക്രട്ടറിയായിരുന്ന എം.എ. മുഹമ്മദ് ജമാൽ അനുസ്മരണ സമ്മേളനം ഫെബ്രുവരി 24ന് ശനിയാഴ്ച ഖിസൈസ് വുഡ്ലം പാർക്ക് സ്കൂളില്‍ നടക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ. അഹ്മദ് ഹാജി, ജന.സെക്രട്ടറി പി.പി. അബ്ദുല്‍ ഖാദര്‍ ഹാജി, റാഷിദ് ഗസ്സാലി കൂളിവയല്‍, ഡോ. സുബൈർ ഹുദവി ചേകന്നൂർ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കുമെന്ന് സംഘാടകർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയില്‍ ഡബ്ല്യു.എം.ഒയുടെ ഡോക്യുമെന്ററി പ്രദര്‍ശനവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിന് നിത്യവരുമാനം ലക്ഷ്യമിട്ട് കല്‍പ്പറ്റയില്‍ സ്ഥാപിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ പ്രോജക്ട് അവതരണവുമുണ്ടാകും. യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ച ഡബ്ല്യു.എം.ഒയുടെ അഞ്ചു പൂര്‍വ വിദ്യാർഥികളെ ചടങ്ങില്‍ ആദരിക്കും. സമ്മേളനം നടക്കുന്ന വുഡ്ലം പാർക്ക് സ്കൂളിലേക്ക് ഖിസൈസ് സ്റ്റേഡിയം, അൽ നഹ്ദ മെട്രോ സ്റ്റേഷനുകളിൽ നിന്നും സൗജന്യ ബസ് സർവിസ് ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
വയനാട് ജില്ലയുടെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്ക് നിസ്തുലമായ സംഭാവനകളർപ്പിച്ച ഡബ്ല്യു.എം.ഒയെ മുന്നില്‍ നിന്ന് നയിച്ച എം.എ. മുഹമ്മദ് ജമാല്‍ 2023 ഡിസംബര്‍ 21നാണ് അന്തരിച്ചത്. ഡബ്ല്യു.എം.ഒ യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് ദിബ്ബ കുഞ്ഞുമുഹമ്മദ് ഹാജി, ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി. മുഹമ്മദ്, ജന. സെക്രട്ടറി മജീദ് മടക്കിമല, ട്രഷറര്‍ അഡ്വ. മുഹമ്മദലി, ഡബ്ല്യു.എം.ഒ യു.എ.ഇ കോഓഡിനേറ്റര്‍ മൊയ്തു മക്കിയാട്, മീഡിയ വിഭാഗം ജന. കണ്‍വീനര്‍ കെ.പി.എ. സലാം എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.