ദുബൈ കെയേഴ്സിന് 10 ലക്ഷം ദിർഹമിന്റെ സഹായം എം.എ. യൂസുഫലി കൈമാറുന്നു
ദുബൈ: ദുബൈ കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്. 10 ലക്ഷം ദിർഹത്തിന്റെ സഹായം ദുബൈ കെയേഴ്സ് സി.ഇ.ഒ താരിഖ് അൽ ഗുർഗിന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി കൈമാറി. വിശുദ്ധ റമദാൻ മാസത്തിൽ ദുബൈ കെയേഴ്സിന് സഹായം നൽകാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും യു.എ.ഇ വൈസ് പ്രസിഡന്റുംപ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ദീർഘവീക്ഷണമുള്ള സേവനത്തിന് നൽകുന്ന പിന്തുണയാണിതെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി വ്യക്തമാക്കി.
നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസവും വളർച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിന് കരുത്തേകുന്നതാണ് ലുലുവിന്റെ സഹായമെന്ന് ദുബൈ കെയേഴ്സ് സി.ഇ.ഒ താരിഖ് അൽ ഗുർഗ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികൾക്കും യുവാക്കൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ് നേതൃത്വം നൽകുന്ന പദ്ധതിയാണ് ദുബൈ കെയേഴ്സ്.
60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേർക്ക് ദുബൈ കെയേഴ്സിന്റെ സഹായമെത്തുന്നുണ്ട്. വികസ്വര രാജ്യങ്ങളിലെ സ്കൂളുകളിൽ സാനിറ്റേഷൻ ശുചിത്വ സൗകര്യങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനുള്ള ദുബൈ കെയേഴ്സിന്റെ പദ്ധതികളിലടക്കം ലുലു നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദുബൈ കെയേഴ്സിന്റെ പദ്ധതികളിലേക്ക് ലുലുവിന്റെ ഉപഭോക്താക്കളെ കൂടി ഭാഗമാക്കുന്ന വിവിധ കാമ്പയിനുകളും ലുലു ഹൈപ്പർ മാർക്കറ്റുകളിൽ നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.