‘ഹെൽത്തി ഫുഡ് ലൈഫ്സ്റ്റൈൽ’ കാമ്പയിൻ ലോഞ്ച് ചടങ്ങിന് ശേഷം ലുലു ഹൈപ്പർമാർക്കറ്റിലെ സജ്ജീകരണങ്ങൾ വിലയിരുത്തുന്ന അതിഥികൾ
അബൂദബി: മികച്ച ജീവിതശൈലിക്കും ഭക്ഷണരീതികൾക്കും പ്രോത്സാഹനമേകുന്ന അബൂദബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പദ്ധതിക്ക് പിന്തുണയുമായി ലുലു. അബൂദബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പുമായി കൈകോർത്ത് ലുലു സ്റ്റോറുകളിൽ ‘ഹെൽത്തി ഫുഡ് ലൈഫ്സ്റ്റൈൽ’ കാമ്പയിന് തുടക്കമായി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ അബൂദബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് ആക്ടിങ് ഡയറക്ടർ ജനറൽ താരിഖ് അഹമ്മദ് അൽ അമീരി കാമ്പയിൻ ലോഞ്ച് ചെയ്തു. അബൂദബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് റെഗുലേറ്ററി അഡ്മിനിസ്ട്രേറ്റീവ് അഫേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൗസ സുഹൈൽ അൽ മുഹൈരി, ഹെൽത്തി ലിവിങ് സെക്ടർ എക്സി. ഡയറക്ടർ ഡോ. അഹമ്മദ് അൽ ഖസ്റജി, അബൂദബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രൊജക്ട് ഹെഡ് ഹസൻ മുഹമ്മദ് അൽ മർസൂഖി എന്നിവരും പങ്കെടുത്തു.
യു.എ.ഇയിലെ 1200 ലേറെ അറബ് വനിതകൾക്കായി, അബൂദബി കാർഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയ ഷോപ്പിങ് വൗച്ചറുകൾ ഉപയോഗിച്ച് ലുലു സ്റ്റോറുകളിൽ നിന്ന് പഴം, പച്ചക്കറികൾ വാങ്ങാനാകും. ഇരുപത് ആഴ്ച വരെ ഈ വൗച്ചറുകൾ ഉപയോഗിച്ച് ഷോപ്പ് ചെയ്യാം. വീടുകളിലെ ഭക്ഷണരീതികൾ നിർണയിക്കുന്നതിൽ സ്ത്രീകൾ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് വിലയിരുത്തിയാണ് പദ്ധതി. കുടുംബങ്ങളിൽ മികച്ച ആരോഗ്യശൈലിയും ഭക്ഷണരീതിയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം. സർക്കാർ-സ്വകാര്യ പങ്കാളിത്വത്തോടെയുള്ള മികച്ച പദ്ധതിയാണ് യാഥാർഥ്യമായിരിക്കുന്നതെന്നും യു.എ.ഇ ജനതയുടെ മികച്ച ജീവിതശൈലിക്ക് ഏറ്റവും നല്ല പിന്തുണയാണ് ലുലു നൽകുന്നതെന്നും ഹസൻ മുഹമ്മദ് അൽ മർസൂഖി പറഞ്ഞു.
മികച്ച ആരോഗ്യത്തിന് പിന്തുണയേകുന്ന സർക്കാർ പദ്ധതികൾക്ക് ഏല്ലാവിധ പിന്തുണയും ലുലു നൽകുമെന്നും, ലുലു സ്റ്റോറുകളിൽ പദ്ധതി നടപ്പാക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി വ്യക്തമാക്കി. യു.എ.ഇയിൽ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയുമാണ് ലുലു നൽകുന്നതെന്നും, 110ലേറെ ചാർട്ടേഡ് വിമാനങ്ങളിലായി കൃത്യമായ ലഭ്യതയാണ് ഉറപ്പാക്കിയതെന്നും വരും ആഴ്ചകളിലും ഇത് തുടരുമെന്നും എം.എ യൂസുഫലി കൂട്ടിച്ചേർത്തു. ലുലു ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, പ്രൊജ്ക്ട് ഡവലപ്മെന്റ്സ് ഡയറക്ടർ അബൂബക്കർ ടി.പി, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.