അബൂദബി ഖലീഫ സിറ്റി ഫുർസാൻ ലുലു മാളിൽ ‘ഖൈര്‍ അല്‍ ഇമാറാത്ത്’കാമ്പയിനിന്റെ
ഭാഗമായി യു.എ.ഇയിലെ കർഷകർ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾക്കായി ക്രമീകരിച്ച പ്രത്യേക
സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി മറിയം അല്‍ മഹീരി നിർവഹിക്കുന്നു
അബൂദബി: യു.എ.ഇ കാര്‍ഷിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന് ലുലു ഗ്രൂപ്പും എലൈറ്റ് അഗ്രോ ഹോള്‍ഡിങ്ങും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ലുലു ഗ്രൂപ്പ് സി.ഇ.ഒയും എലൈറ്റ് അഗ്രോ ഹോള്‍ഡിങ് സി.ഇ.ഒ ഡോ. അബ്ദുല്‍ മോനിം അല്‍ മര്സൂഖിയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
യു.എ.ഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി മറിയം അല്‍ മഹീരി, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസുഫലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അബൂദബി ഖലീഫ സിറ്റി ഫുർസാൻ ലുലു മാളിൽ 'ഖൈര്‍ അല്‍ ഇമാറാത്ത്'കാമ്പയിനിന്റെ ഭാഗമായി സ്വദേശി കർഷകർ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾക്കായി ക്രമീകരിച്ച പ്രത്യേക സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി മറിയം അല്‍ മഹീരി നിർവഹിച്ചു.
കരാര്‍പ്രകാരം ലുലു ഗ്രൂപ്പ് ഒരു വര്‍ഷം എലൈറ്റ് അഗ്രോ ഹോള്ഡിങ്ങില്നിന്ന് 15,000 ടണ്‍ പഴം, പച്ചക്കറികള്‍ വാങ്ങി യു.എ.ഇയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൂടെ വിറ്റഴിക്കും. പ്രാദേശിക ഫാമുകളുടെ ഉൽപാദന ശേഷി വര്‍ധിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. എലൈറ്റ് അഗ്രോയുമായി കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ടെന്ന് എം.എ. യൂസുഫലി പറഞ്ഞു. പ്രാദേശിക കര്‍ഷകരെയും നിര്‍മാതാക്കളെയും അവരുടെ സംഭാവനകളുടെ പേരില്‍ ദേശീയദിന വേളയില്‍ അംഗീകരിക്കുന്നത് കൂടിയാണ് കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഖൈര്‍ അല്‍ ഇമാറാത്ത്'കാമ്പയിനിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ യു.എ.ഇ ഉൽപന്നങ്ങള് പ്രത്യേകമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും യൂസുഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.