എക്സ്പോയിൽ സാംസ്കാരിക പരിപാടികൾ അരങ്ങേറുന്ന അൽ വസ്ൽ പ്ലാസ
ദുബൈ: ഒക്ടോബറിൽ ആരംഭിക്കുന്ന ദുബൈ എക്സ്പോ 2020 കാണാനും അതത് രാജ്യങ്ങളുടെ പവലിയൻ സന്ദർശിക്കാനുമായി വിവിധ രാഷ്ട്രനേതാക്കൾ എത്തിച്ചേരും.
ആറു മാസത്തെ മേളക്കിടയിൽ 192 രാജ്യങ്ങളുടെ ദേശീയ ദിനാചരണങ്ങളും സംഘടിപ്പിക്കപ്പെടും. എക്സ്പോയുടെ ഹൃദയമെന്നറിയപ്പെടുന്ന അൽ വസ്ൽ പ്ലാസയിലാണ് കലാസാംസ്കാരിക ആഘോഷങ്ങളോടെ ദേശീയ ദിനാചരണങ്ങൾ നടക്കുക. ജനുവരി 26ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാചരണവും ഇതിെൻറ ഭാഗമായി പ്രതീക്ഷിക്കപ്പെടുന്നു.
ഒാരോ രാജ്യവും തങ്ങളുടെ സാംസ്കാരിക-പൈതൃക കാഴ്ചകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന രീതിയിലാണ് പരിപാടികൾ അരങ്ങേറുക.രാഷ്ട്രനേതാക്കളിൽ ബ്രസീലിയൻ പ്രസിഡൻറ് ജെയ്ർ ബോൾസൊനാരോയും സൈപ്രസ് പ്രസിഡൻറ് നികോസ് അനസ്ടേഷ്യഡ്സും എക്സ്പോക്ക് എത്തുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രസീലിെൻറ 200ാം സ്വാതന്ത്ര്യദിനം വരുന്ന വർഷത്തിൽ ലോകത്തിന് മുന്നിൽ രാജ്യത്തെ പരിചയപ്പെടുത്തുകയെന്ന രൂപത്തിൽ എക്സ്പോ ഉപയോഗിക്കുന്നതിെൻറ ഭാഗമായാണ് പ്രസിഡൻറിെൻറ സന്ദർശനമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയുമായി രാഷ്ട്രീയബന്ധം സുദൃഢമാക്കുന്നതിനുകൂടിയാണ് സൈപ്രസ് പ്രസിഡൻറ് സന്ദർശനത്തിന് ഒരുങ്ങുന്നത്.
ഇദ്ദേഹത്തിനൊപ്പം മന്ത്രിമാരുടെ സംഘവും അനുഗമിക്കും. ഇസ്രായേലിൽനിന്ന് മന്ത്രിതലസംഘം മേളക്കെത്തുമെന്ന് അംബാസഡർ വെളിപ്പെടുത്തി.
അടുത്ത ആഴ്ചകളിൽ കൂടുതൽ രാഷ്ട്രങ്ങൾ സന്ദർശനത്തിനെത്തുന്ന നേതാക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തും. ഇന്ത്യയിൽനിന്ന് ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എക്സ്പോയിൽ പങ്കെടുക്കുന്ന വിവിധ അന്താരാഷ്ട്ര സംഘടനകളും വിവിധ പരിപാടികൾ ആസൂത്രണംചെയ്യുന്നുണ്ട്.
സന്ദർശകർക്ക് ഓരോ രാജ്യത്തിെൻറയും രുചി അനുഭവിക്കാനും എക്സ്പോയിൽ സാധ്യമാകും. പരമ്പരാഗത വിഭവങ്ങളും മേളയിലെ പ്രത്യേക റെസ്റ്റാറൻറുകളിൽ ലഭ്യമാണ്.ദേശീയ ദിനാചണങ്ങൾ സംഘടിപ്പിക്കുന്ന ദിവസങ്ങളിൽ അതത് രാജ്യങ്ങളുടെ ഭക്ഷണ വൈവിധ്യങ്ങൾ സന്ദർശകർക്ക് അനുഭവിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.