റാസല്‍ഖൈമ: സർവകലാശാല വിദ്യാര്‍ഥികള്‍ക്ക് സ്വയം നിയന്ത്രിത കാറുകള്‍ രൂപകല്പന ചെയ്യാനുള്ള സാങ്കേതികത സൗകര്യങ്ങളോടെ റാസല്‍ഖൈമയില്‍ ലാബ് സ്ഥാപിക്കുന്നതിന് റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (റാക്ട) അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് റാസല്‍ഖൈമയും തമ്മില്‍ കരാറില്‍ ഒപ്പിട്ടു.
സ്മാര്‍ട്ട് മൊബിലിറ്റി ഡേറ്റ ലാബ്, ഓട്ടോണമസ് വാഹനങ്ങള്‍, പ്രഡക്ടിവ് മെയ്ന്റനന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയ ക്രൗഡ് മാനേജ്മെന്റ്, നഗരാസൂത്രണം എന്നിവയുള്‍പ്പെടെ 12 നൂതന സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ ലാബ്. 2019ലാണ് യു.എ.ഇ മന്ത്രിസഭ സ്വയം നിയന്ത്രിത കാറുകള്‍ക്കുള്ള ലൈസന്‍സിന് അംഗീകാരം നല്‍കിയത്.
തുടര്‍ന്ന് ഈ രംഗത്ത് വന്‍തോതിലുള്ള താല്പര്യമാണ് കണ്ടുവരുന്നതെന്ന് റാക്ട ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ ഇസ്മാഈല്‍ ഹസന് അല്‍ബലൂശി അഭിപ്രായപ്പെട്ടു. ഗതാഗതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് നൂതന സാങ്കേതിക വിദ്യാഥികള്‍ ഉപയോഗിക്കുകയെന്ന റാക്ടയുടെ പ്രതിബദ്ധതയാണ് ഡേറ്റ ലാബ് സംരംഭം പ്രതിഫലിപ്പിക്കുന്നത്.
കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംരംഭങ്ങളുടെ വികസനത്തിന് പുതിയ ലാബിന്റെ പ്രവര്‍ത്തനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള പദ്ധതി ആരംഭിക്കുന്നതില്‍ റാക്ടയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എ.യു റാക് പ്രസിഡന്റ് ഡോ. ഡേവിഡ് ആന്‍ഡ്രൂ ഷ്മിഡ്റ്റ് പറഞ്ഞു. റാസല്‍ഖൈമയുടെ വികസനത്തെ പിന്തുണക്കുന്നതാണ് പുതിയ ലാബ്. മാറിയ ലോക സാഹചര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അറിവ് പ്രയോഗിക്കുന്നതിന് ഡേറ്റ ലാബ് വിലമതിക്കാനാവാത്ത അവസരങ്ങള്‍ തുറന്നിടുമെന്നും ഡോ. ഡേവിഡ് തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.