പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മ ഭാരവാഹികള്‍ ദുബൈയില്‍ നടക്കുന്ന കുന്നംകുളം പെരുന്നാള്‍ പരിപാടികള്‍ വാർത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു
ദുബൈ: പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ഫെബ്രുവരി ഒന്നിന് ദുബൈയില്‍ കുന്നംകുളം പെരുന്നാള്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ദുബൈയിലെ ഖിസൈസ് അമിറ്റി സ്കൂള്‍ ഗ്രൗണ്ടില്‍ ഉച്ചക്ക് 12ന് കൊടി കയറുന്നതോടെ തുടങ്ങുന്ന ആഘോഷ പരിപാടികള്‍ രാത്രി 10.30 വരെ തുടരും. ഗജസംഗമം, അങ്ങാടികളുടെ പെരുന്നാള്‍, തലേക്കെട്ട്, കിഴക്ക്, പടിഞ്ഞാറ്, തെക്ക്, പള്ളി അങ്ങാടി പന്തലില്‍ പെരുന്നാള്‍ നടക്കും. 51 കലാകാരന്മാരുടെ ചെണ്ടമേളം, സ്ഫടികം ശിങ്കാരി മേളം, കുന്നംകുളത്തിന്റെ സ്വന്തം മത്തായിടെ തമ്പോര് എന്നിവ നടക്കും.
വൈകുന്നേരം അഞ്ചിന് പള്ളിയിലേക്ക് നീങ്ങുന്ന അങ്ങാടി പെരുന്നാളുകള്‍ ആറ് മണിയോടെ പള്ളിയില്‍ കെട്ടി കയറ്റം സമാപിക്കും. വൈകുന്നേരം ആറിന് ചലച്ചിത്ര താരം ആസിഫ് അലി പെരുന്നാള്‍ രാത്രി ഉദ്ഘാടനം ചെയ്യും. കുന്നംകുളം പെരുന്നാള്‍ അംബാസഡര്‍മാരായ ഐ.എം. വിജയന്, ഹരി നാരായണന് എന്നിവര്‍ സംബന്ധിക്കും.
വിനീത് ശ്രീനിവാസന്, സ്റ്റീഫന്‍ ദേവസ്സി എന്നിവര്‍ നയിക്കുന്ന പ്രകടനങ്ങളും നടക്കും. ജെന്‍സ് ഡി.ജെ ഷോയോടെ പെരുന്നാള്‍ കൊടിയിറങ്ങും. കുന്നംകുളം പെരുന്നാള്‍ പ്രസിഡന്റ് ഷാജു സൈമണ്‍, കണ്‍വീനര്‍മാരായ സരിന് ചീരന്‍, റോഷന് സത്യന്, പബ്ലിക് റിലേഷന്‍സ് കോഓഡിനേറ്റര്‍ ബ്യൂട്ടി പ്രസാദ്, സോനു ഷാജു, സിലിന് സൈമണ്‍, മീഡിയ കോഓഡിനേറ്റര്‍ ജിജോ രാജ് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.