ദുബൈ: യു.എ.ഇയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ മുഴുവൻ പേർക്കും നൽകിക്കഴിഞ്ഞതായി അധികൃതർ പ്രഖ്യാപിച്ചു. വാക്സിനേഷൻ കാമ്പയിനിലൂടെ ലക്ഷ്യവെച്ച രണ്ട് ഡോസ് വാക്സിനും മുഴുവൻ പേർക്കും നൽകി. കോവിഡ് പ്രതിരോധത്തിന്‍റെ മുൻനിര പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികൾ, വ്യത്യസ്ത പ്രായക്കാരായ മറ്റുള്ളവർ എന്നിവരാണ് കാമ്പയിനിലൂടെ വാക്സിൻ സ്വീകരിച്ചത്. എല്ലാ എമിറേറ്റിലും സജ്ജമാക്കിയ വിവിധ സംവിധാനങ്ങളിലൂടെയാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. ആദ്യ ഘട്ടത്തിൽ ഏറ്റവും അനിവാര്യമായവർക്കും പിന്നീട് എല്ലാ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കുമാണ് കുത്തിവെപ്പ് നടന്നത്.
ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് വാക്സിനേഷൻ ദൗത്യത്തെ മുന്നിൽ നിന്ന് നയിച്ചത്. അതിവേഗത്തിൽ കുത്തിവെപ്പ് നടന്നത് കോവിഡ് വ്യാപനത്തേയും രോഗം ഗുരുതരമാകുന്നതിനേയും തടഞ്ഞുനിർത്തി. ലോകത്ത് ഏറ്റവും ഫലപ്രദമായി മഹാമാരിയെ പിടിച്ചുനിർത്താൻ യു.എ.ഇക്ക് സാധിച്ചത് കാമ്പയിൻ വഴിയായിരുന്നു. വാക്സിനേഷൻ പൂർത്തിയായി നിശ്ചിത കാലം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്ന പ്രവർത്തനവും അധികൃതർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.