മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ‘കംപാഷൻ 22’എന്ന പേരിൽ സംഘടിപ്പിച്ച കാമ്പയിൻ സമാപന സമ്മേളനം ജനുവരി 13ന് വൈകീട്ട് ഏഴിന് ഇന്ത്യൻ സ്കൂൾ റിഫ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പെരിന്തൽമണ്ണ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി വെൽഫെയർ ചെയർപേഴ്സനുമായ അഡ്വ. നജ്മ തബ്ഷീറ മുഖ്യാതിഥിയാകും.
ഈസ്റ്റ് റിഫ ഏരിയയിലുള്ള ഒരു പ്രവർത്തകന് തൊഴിൽ ഉപകരണം നൽകി ഉദ്ഘാടനം നിർവഹിച്ച നിലവിലെ കമ്മിറ്റി നിരവധി ജീവകാരുണ്യ മേഖലകളിൽ സജീവമാണെന്ന് ഭാരവാഹികൾ പറഞ്ഞു. റമദാൻ റിലീഫ്, അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീം, വിദ്യാഭ്യാസ സഹായം, സി.എച്ച് സെന്റർ സഹായം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സി.എച്ച് സെന്റർ പ്രവർത്തന ഫണ്ട് സമാഹരണത്തിൽ ഒന്നാം സ്ഥാനത്തിനുള്ള സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരവും ഈസ്റ്റ് റിഫ കമ്മിറ്റിക്കായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണിയാണ് ത്രൈമാസ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. കെ.എം.സി.സി വനിത വിങ്ങിന്റെ നേതൃത്വത്തിൽ ആരോഗ്യ ക്ലാസ്, ഐ.എം.സി മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ്, ഫുട്ബാൾ ടൂർണമെന്റ്, ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് വോളിബാൾ ടൂർണമെന്റ്, കുടുംബസംഗമം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
സമാപന സമ്മേളനത്തിന്റെ ഭാഗമായി മുൻകാല സാരഥികളെ ആദരിക്കലും പ്രവാസം മതിയാക്കി വിശ്രമജീവിതം നയിക്കുന്നവർക്കും വിധവകൾക്കുള്ള പെൻഷൻ പദ്ധതിയുടെ പ്രഖ്യാപനവും നടക്കും. പരിപാടിയിൽ വിദ്യാർഥികളുടെ കലാപരിപാടി, ഇശൽ വിരുന്ന്, ചാരിറ്റി തട്ടുകട, മെഡിക്കൽ സ്റ്റാൾ തുടങ്ങിയവയും ഉണ്ടാകും. ഫോൺ: 33036757, 39094104.കെ.എം.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വെള്ളികുളങ്ങര, സെക്രട്ടറി എം.എ. റഹ്മാൻ, ഏരിയ പ്രസിഡന്റ് റഫീഖ് കുന്നത്ത്, ജനറൽ സെക്രട്ടറി ടി.ടി. അഷ്റഫ്, വൈസ് പ്രസിഡന്റ് എം.കെ. സിദ്ദീഖ്, ഓർഗനൈസിങ് സെക്രട്ടറി എം.വി. ഷമീർ, റസാഖ് മണിയൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.