ആത്മവിശ്വാസവും മുൻകരുതലുമുള്ളവർക്ക് മറികടക്കാനാവാത്ത രോഗങ്ങളൊന്നുമില്ല. വൃക്കരോഗവും ഈ ഗണത്തിൽപെടുത്താവുന്ന അസുഖമാണ്. വൃക്കകളുടെ കേടുപാടുകൾ പൂർണമായും മാറ്റാൻ കഴിയില്ലെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗം വഷളാവാതിരിക്കാനും സാധാരണ ജീവിതം നയിക്കാനും കഴിയും. വിട്ടുമാറാത്ത വൃക്കരോഗമുള്ള പലരും ഈ അവസ്ഥയെ അതിജീവിച്ചു സാധാരണ ജീവിതം നയിക്കുന്നുണ്ട് എന്നത് മറക്കരുത്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിലോ, ആരോഗ്യം വഷളാവാനും രോഗം വർധിക്കാനും കാരണമാകും.
മരുന്ന് കഴിക്കുക
ഡോക്ടർ നിർദേശിക്കുന്ന മരുന്ന് കൃത്യസമയത്ത് കഴിക്കേണ്ടത് പ്രധാനമാണ്. വൃക്കരോഗം കൂടുന്നത് തടയുന്നതിനാണ് ചില മരുന്നുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഏതെങ്കിലും വേദനസംഹാരികളോ പോഷക സപ്ലിമെൻറുകളോ കഴിക്കുന്നവരാണെങ്കിൽ ഡോക്ടറുടെ കൃത്യമായ നിർദേശങ്ങളോടെ മാത്രം കഴിക്കുക. കാരണം, ഇത് ചിലപ്പോൾ നിങ്ങളുടെ വൃക്കകളെയും നിത്യേനയുള്ള മരുന്നിനെയും ബാധിച്ചേക്കാം. നിത്യേന കഴിക്കുന്ന മരുന്നിനെക്കുറിച്ചുള്ള ആശങ്കകളോ പാർശ്വഫലങ്ങളെ കുറിച്ച് സംശയമോ ഉണ്ടെങ്കിൽ അതു പരിഹരിച്ചശേഷം മാത്രം മരുന്ന് തുടരുക.
ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ സമീകൃതാഹാരം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗം വഷളാകാനുള്ള സാധ്യത കുറക്കുന്നതിനും സഹായിക്കും. സമീകൃതാഹാരത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയിരിക്കണം. ദിവസവും കുറഞ്ഞത് അഞ്ചു തവണയായി കഴിക്കുക. ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ്, ടോട്ടൽ ഗ്രെയിൻ ബ്രഡ്, അരി അല്ലെങ്കിൽ പാസ്ത (പ്രമേഹ രോഗികൾ സൂക്ഷിക്കണം), പാലും പാലുൽപന്നങ്ങളും, ബീൻസ്, മത്സ്യം, മുട്ട അല്ലെങ്കിൽ മാംസം എന്നിവ പ്രോട്ടീെൻറ ഉറവിടമായി ഉൾപ്പെടുത്താം. ഭക്ഷണത്തിലെ പൊട്ടാസ്യം അല്ലെങ്കിൽ ഫോസ്ഫേറ്റിെൻറ അളവ് പരിമിതപ്പെടുത്തുന്നത് വൃക്കരോഗം വർധിക്കാതിരിക്കാൻ സഹായിക്കും.
പതിവായി വ്യായാമം ചെയ്യുക
എത്ര കഠിനമാണെങ്കിലും വൃക്കരോഗമുള്ള ആർക്കും വ്യായാമം നല്ലതാണ്. ഇത് നിങ്ങളുടെ ഊർജം വർധിപ്പിക്കുകയും ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. എല്ലുകൾ ശക്തിപ്പെടുത്തുക, വിഷാദം ഒഴിവാക്കുക, ആരോഗ്യം നിലനിർത്തുക എന്നിവയും വ്യായാമം വഴി ലഭിക്കുന്ന നേട്ടങ്ങളാണ്. രോഗികളുടെ അപകടസാധ്യത കുറക്കുകയും ചെയ്യും. മിതമായ വൃക്കരോഗമുള്ളവർക്ക് മറ്റുള്ളവരെപ്പോലെ തന്നെ വ്യായാമം ചെയ്യാൻ കഴിയും. കലശലായ രോഗമുള്ളവർക്കും ഡയാലിസിസ് ചെയ്യുന്നവർക്കും സാധാരണ രീതിയിൽ വ്യായാമം ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും, കഴിയുന്നതുപോലെ മിതമായ വ്യായാമം നല്ലതാണ്.
പുകവലിയും മദ്യപാനവും
പുകവലി നിർത്തുന്നത് വൃക്കരോഗം വർധിക്കാതിരിക്കാനും രോഗിയാവാതിരിക്കാനും സഹായിക്കും. മദ്യപാനം പരിമിതപ്പെടുത്തുന്നതിനെക്കാൾ നിർത്തുന്നതാണ് നല്ലത്.
പ്രതിരോധ കുത്തിവെപ്പ്
വൃക്കരോഗം നിങ്ങളുടെ ശരീരത്തിൽ കാര്യമായ സമ്മർദം ചെലുത്തുകയും അണുബാധക്ക് ഇരയാക്കുകയും ചെയ്യും. കെയർ പ്രൊവൈഡറുടെ പ്രോട്ടോകോൾ പാലിച്ച് വാക്സിനേഷൻ എടുക്കേണ്ടതാണ്.
ജോലി എന്തിന് ഉപേക്ഷിക്കണം
വൃക്കരോഗം ബാധിച്ച പലരും ഉന്നയിക്കുന്ന ചോദ്യമാണ് 'എനിക്ക് ജോലി തുടരാനാകുമോ?' നിങ്ങൾക്ക് മതിയായ ആരോഗ്യമുണ്ടെങ്കിൽ ആഗ്രഹിക്കുന്നിടത്തോളം കാലം പ്രവർത്തിക്കാൻ കഴിയും. ആരോഗ്യാവസ്ഥ ജോലി ചെയ്യാനുള്ള കഴിവിനെ ബാധിക്കുന്ന ഉടൻ തൊഴിലുടമയുമായി സംസാരിക്കുക. സാഹചര്യത്തിന് അനുയോജ്യമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയും. ഉദാഹരണത്തിന്, പാർട്ട് ടൈം ആയി പ്രവർത്തിക്കുക, അതിൽ ടാസ്ക്കുകൾ മാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്യുക, വർക് പാറ്റേണുകൾ മാറ്റുക, കൂടിക്കാഴ്ചകളിൽ പങ്കെടുക്കാൻ സമയം അനുവദിക്കുക എന്നിവയെല്ലാം സാധ്യമാണ്.
രോഗലക്ഷണങ്ങളെക്കുറിച്ച് സംസാരിക്കൽ, മരുന്നുകളെക്കുറിച്ചുള്ള ചർച്ച, വൃക്കകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനുള്ള പരിശോധനകൾ എന്നിവ വൃക്കരോഗികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
നിങ്ങൾക്ക് എന്തുതോന്നുന്നുവെന്നതിനെക്കുറിച്ച് തുറന്നു സംസാരിക്കുക. നിങ്ങളുടെ ബുദ്ധിമുട്ടുകൾ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കുക. രോഗത്തെക്കുറിച്ചുള്ള വ്യക്തമായ അറിവ് രോഗിക്കും പരിചരണ പങ്കാളികൾക്കും ഉണ്ടായിരിക്കണം. പരിശീലനം ലഭിച്ച ഉപദേഷ്ടാവ്, മനഃശാസ്ത്രജ്ഞൻ അല്ലെങ്കിൽ സ്പെഷലിസ്റ്റ് എന്നിവരുമായി സംസാരിക്കുന്നത് നല്ലതാണ്. വൃക്കരോഗമുള്ളവരുമായും പ്രാദേശിക പിന്തുണ ഗ്രൂപ്പുമായും ആശയവിനിമയം നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.