ദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിലെ വിദൂരപഠനത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി നോജജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി(കെ.എച്ച്.ഡി.എ). ‘ഫലപ്രദമായ വിദൂര പഠനത്തിലെ ഗുണനിലവാര പ്രതീക്ഷകൾ ’ എന്ന പേരിലാണ് അടിയന്തര സാഹചര്യങ്ങളിൽ മാത്രമല്ലാതെ ഭാവിയിലും പഠനതുടർച്ച ഉറപ്പാക്കാൻ സഹായിക്കുന്ന സ്ഥിരമായ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്.
വിദ്യാർഥികൾക്ക് വിദ്യഭ്യാസത്തിന്‍റെ ലഭ്യത, പങ്കാളിത്തം, ക്ഷേമം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള പഠനത്തിന്റെ ആവശ്യകതയും മാർഗനിർദേശത്തിൽ ഊന്നിപ്പറയുന്നുണ്ട്. വിദ്യാർഥികൾ ഓൺലൈനിൽ ലോഗിൻ ചെയ്യുന്നതിനപ്പുറം, അവർ സജീവമായി പഠനത്തിൽ പങ്കെടുക്കുന്നുണ്ടോ, അസൈൻമെന്റുകൾ പൂർത്തിയാക്കുന്നുണ്ടോ എന്നിവയും സ്കൂളുകൾ നിരീക്ഷിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ഉപകരണ ലഭ്യത കുറവ്, ഇന്റർനെറ്റ് പ്രശ്നങ്ങൾ, വീട്ടിൽ പിന്തുണയില്ലായ്മ തുടങ്ങിയ കാരണങ്ങളാൽ പഠനത്തിൽ പിന്നിലാകുന്ന വിദ്യാർഥികളെ പ്രത്യേകം തിരിച്ചറിയാനും സഹായിക്കാനും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ, സൈബർ ബുള്ളിയിങ്, മാനസിക സമ്മർദം തുടങ്ങിയ അപകടസാധ്യതകളിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ വേണമെന്നും വ്യക്തമാക്കുന്നുണ്ട്. അധ്യാപനത്തിൽ ഗുണമേന്മക്ക് മുൻഗണന നൽകണമെന്നും, കൂടുതൽ സ്ക്രീൻ സമയം ഒഴിവാക്കി ലൈവ് ക്ലാസുകൾ, ഗൈഡഡ് പ്രവർത്തനങ്ങൾ, സ്വതന്ത്ര പഠനം എന്നിവക്ക് സന്തുലിതമായ സമീപനം സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. പരീക്ഷകൾക്കു പകരം പഠന പുരോഗതി വിലയിരുത്തുന്ന രീതികൾക്ക് പ്രാധാന്യം നൽകണമെന്നും കെ.എച്ച്.ഡി.എ നിർദേശിക്കുന്നു.
മാതാപിതാക്കൾക്ക് പിന്തുണ നൽകേണ്ടതുണ്ടെങ്കിലും, അവർ അധ്യാപകരുടെ ചുമതല ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. സ്കൂൾ നേതൃത്വത്തിലുള്ളവർ വ്യക്തമായ പദ്ധതികൾ തയ്യാറാക്കി രക്ഷിതാക്കളുമായി വ്യക്തമായ ആശയവിനിമയം ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. സ്കൂളുകൾ രണ്ട് ആഴ്ചയ്ക്കകം നിലവിലെ സംവിധാനങ്ങൾ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കണമെന്നും അധികൃതർ നിർദേശിക്കുന്നുണ്ട്. രാജ്യത്തെ സ്കൂളുകളിൽ നിലവിലെ സഹാചര്യത്തിൽ ഏപ്രിൽ 17വരെ ഓൺലൈൻ പഠനമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.