കേരളത്തിലെ സംരംഭങ്ങൾ ആഗോള വേദിയിലേക്ക്​

ദുബൈ: കാലം മാറുകയാണ്​, പ്രവാസവും. തൊഴിലും അവസരങ്ങളും തേടി കടൽ കടന്ന വ്യക്തികളായിരുന്നു ഇക്കാലമത്രയും പ്രവാസത്തിലെ കഥാപാ​ത്രങ്ങൾ. എന്നാലിനി കേരളത്തിൽ പിറവിയെടുത്ത സംരംഭങ്ങൾതന്നെ കടൽ കടക്കാൻ ഒരുങ്ങുകയാണ്​. പ്രവാസ ലോകത്ത്​ സംരംഭങ്ങൾ തുടങ്ങി വിജയിച്ച്​ ജന്മനാട്ടിലേക്കുകൂടി വളർന്നവർ മലയാളികളിൽ ഏറെപ്പേരുണ്ട്​. അതേസമയം, വരുംതലമുറയിലെ വിജയഗാഥകൾ വ്യത്യസ്തമായിരിക്കും. കേരളത്തിൽതന്നെ പിറവിയെടുത്ത്​ കടലും ആകാശവും കീഴടക്കിയ സംരംഭങ്ങളായിരിക്കും ഇനിയുള്ള കാലത്തെ വീരൻമാർ. അത്തരക്കാർക്ക്​ ആഗോളതലത്തിൽ ആദ്യ ചുവടുവെക്കാൻ വേദിയൊരുക്കുകയാണ്​ മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ മേളയായ ‘കമോൺ കേരള’.

കേരളത്തിൽനിന്നുള്ള സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും പരിചയപ്പെടുത്താൻ ‘മെയ്ഡ്​​ ഇൻ കേരള’ എന്ന പേരിലാണ്​ പ്രത്യേക പവിലിയൻ സജ്ജമാക്കുന്നത്​. ലോകത്തെ സാമ്പത്തിക മുന്നേറ്റത്തിന്‍റെ കേന്ദ്ര സ്ഥാനമായി മുന്നേറുന്ന യു.എ.ഇയിൽ നടക്കുന്ന ‘കമോൺ കേരള’യിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നൂറുക്കണക്കിന്​ സംരംഭങ്ങളാണ്​ എല്ലാ വർഷവും പ​ങ്കെടുക്കുന്നത്​. വിജയകരമായ കഴിഞ്ഞ ഏഴ്​ എഡിഷനുകളും സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യരക്ഷാധികാരത്തിലാണ്​ സംഘടിപ്പിക്കപ്പെട്ടത്​.

ഷാർജ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ മേയ്​ എട്ട്, ഒമ്പത്, 10 തീയതികളിലായി ഷാർജ എക്സ്​പോ സെന്‍ററിലാണ്​ ‘കമോൺ കേരള’യുടെ എട്ടാം എഡിഷൻ അരങ്ങേറുന്നത്​. മുൻ എഡിഷനുകളിൽനിന്ന്​ വ്യത്യസ്തമായി പ്രദർശനങ്ങളിലും പരിപാടികളിലും വലിയ മാറ്റങ്ങളോടെയാണ്​ എട്ടാം എഡിഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്​.

ബിസിനസ്​ പ്രമുഖരും ചെറുകിട സംരംഭകരും പൊതുജനങ്ങളുമെല്ലാം പ​ങ്കെടുക്കുന്ന മേളയിൽ ആദ്യമായാണ്​ കേരളത്തിലെ സംരംഭങ്ങൾക്ക്​ പ്രത്യേകമായ പവിലിയൻ ഒരുക്കുന്നത്​. എ.ഐ, ഐ.ടി, ഫിനാൻസ്​, ട്രാവൽ, ഫുഡ് തുടങ്ങി എല്ലാ​ മേഖലകളിലെയും സംരംഭങ്ങൾക്ക്​ ഇവിടെ പ്രദർശനത്തിനും ആഗോള പങ്കാളിത്ത സാധ്യതകൾ തേടാനും അവസരമുണ്ടാകും.

‘കമോൺ കേരള’യു​ടെ​ അനുബന്ധ പരിപാടികൾ വഴി ജി.സി.സി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട കമ്പനികളുമായും സംരംഭങ്ങളുമായും നിക്ഷേപകരുമായും സംവദിക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക്​: +91 9645009444, +971 504851700.

Tags:    
News Summary - Kerala's initiatives reach the global stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.