‘കേരള കോൺക്ലേവി’ന്റെ ഭാഗമായി നടന്ന വാർത്തസമ്മേളനത്തിൽ സംഘാടകർ സംസാരിക്കുന്നു
ദുബൈ: 'കേരളത്തിന്റെ ഭാവി പുനർനിർവചിക്കുന്നു' എന്ന പ്രമേയത്തിൽ കോഴിക്കോട് 'കേരള കോൺക്ലേവ്' സംഘടിപ്പിക്കുന്നു. അടുത്തവർഷം ഫെബ്രുവരി മൂന്നു മുതൽ മർകസ് നോളജ് സിറ്റിയിലെ കൺവെൻഷൻ സെന്ററിലാണ് പരിപാടിയെന്ന് സംഘാടകർ ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള ചേംബര്‍ ഓഫ് കോമേഴ്സിന്റെ സഹകരണത്തോടെ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056 എന്ന സമ്മേളനം ഒരുക്കുന്നത്.
വരാനിരിക്കുന്ന 50 വര്‍ഷം മുന്നില്‍കണ്ടുള്ള വിപുലമായ കാഴ്ചപ്പാടുകളോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും കേരളത്തിൽ നിക്ഷേപസൗഹൃദമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നും കേരള ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ബിജു രമേശ് പറഞ്ഞു.
കോഴിക്കോട്ടെ കോൺക്ലേവിന്റെ തുടർച്ചയായി വിവിധ വിദേശരാജ്യങ്ങളിൽ സമാനമായ പരിപാടികൾ നടക്കും. സംസ്ഥാന രൂപവത്കരണത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാവുന്ന 2056ലേക്കുള്ള പദ്ധതികളും കോണ്‍ക്ലേവ് ചര്‍ച്ചചെയ്യും. വാണിജ്യ-വ്യവസായ പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍, സംരംഭകര്‍, ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള പ്രഗല്ഭരുടെ പിന്തുണയും തേടും.
കേരള കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എക്സ്പോയില്‍ 100ലേറെ ആഗോള സംരംഭകരും 25 ലേറെ വ്യവസായ സംരംഭങ്ങളും 100ലേറെ സ്റ്റാളുകളും സജ്ജമാക്കും. വ്യവസായം, ഭക്ഷണം, ആരോഗ്യ സംരക്ഷണം, ടൂറിസം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, കുടിൽ വ്യവസായം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ കോൺക്ലേവിന്റെ ഭാഗമായി ഉണ്ടാകും.
കേരള കോൺക്ലേവിന്റെ ലോഗോ ബിജു രമേശ് അനാച്ഛാദനം ചെയ്തു. ലക്ഷത്തിലേറെ സന്ദര്‍ശകര്‍ എക്സ്പോയില്‍ എത്തുമെന്ന് സംഘാടകരായ ആർ.ബി.എസ് കോർപറേഷൻ ആൻഡ് എച്ച്.കെ കൺസൽട്ടൻസി എം.ഡിയും കേരള കോൺക്ലേവ് സഹസ്ഥാപകനുമായ ഹബീബ് കോയ പറഞ്ഞു. കേരള കോൺക്ലേവ് ഉപദേശക സമിതി അംഗം ജാസിം മുഹമ്മദ് ബസ്തകി, മുഹമ്മദ് അൽ ഫലാസി, മീഡിയ ആൻഡ് ഇവന്റ്സ് ഡയറക്ടർ മുനീർ ബിൻ മൊഹ്യിദ്ദീൻ, ഡയറക്ടർ അർഷദ് ഇബ്രാഹിം, സഹസ്ഥാപകൻ ഡോ. എം.എ. ബാബു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.