കരിപ്പൂർ അപകടത്തിൽ തകർന്ന വിമാനം (ഫയൽ ചിത്രം)

കരിപ്പൂർ വിമാന ദുരന്തം; യു.എ.ഇയിലെ നഷ്ടപരിഹാരക്കേസുകൾ തീർപ്പാക്കി

ദുബൈ: കരിപ്പൂർ വിമാനദുരന്തത്തിന്‍റെ ഇരകൾക്കും മരിച്ചവരുടെ കുടുംബങ്ങൾക്കുമുള്ള യു.എ.ഇയിലെ നഷ്ടപരിഹാര കേസുകൾ തീർപ്പാക്കി. ദുരന്തത്തിന്‍റെ രണ്ടാം വാർഷികത്തിന് തൊട്ടുമുമ്പാണ് യു.എ.ഇയിലെ 47 കേസുകൾ കോടതിക്ക് പുറത്ത് തീർപ്പാക്കിയത്. ഇന്ത്യയിൽ നടന്ന വിമാനാപകടത്തിന്‍റെ നഷ്ടപരിഹാരം ആദ്യമായാണ് രാജ്യത്തിന് പുറത്ത് തീർപ്പാക്കുന്നത്. 2020 ആഗസ്റ്റ് ഏഴിനാണ് ദുബൈയിൽ നിന്ന് പുറപ്പെട്ട വിമാനം കരിപ്പൂരിൽ അപകത്തിൽപെട്ട് പൈലറ്റ് അടക്കം 21 പേർ മരിച്ചത്.

169 പേർക്ക് പരിക്കേറ്റിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.31 കോടി രൂപ മുതൽ 6.23 കോടി രൂപ വരെയാണ് വിവിധ തട്ടിലായി നഷ്ടപരിഹാരം നൽകിയത്. പരിക്കേറ്റവർക്ക് 12 ലക്ഷം രൂപ മുതൽ നഷ്ടപരിഹാരം ലഭിച്ചു. നാട്ടിലെ നഷ്ടപരിഹാര കേസുകൾ കഴിഞ്ഞ ദിവസം തീർപ്പാക്കിയിരുന്നു. ഭൂരിപക്ഷം പേർക്കും പണം ലഭിച്ചു. ബാക്കിയുള്ളവർക്ക് ഈ മാസം തന്നെ തുക നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ ജോലികൾ പുരോഗമിക്കുകയാണ്. യാത്രക്കാരിൽ 47 പേർ യു.എ.ഇയിലും 131 പേർ ഇന്ത്യയിലും ആറ് പേർ അമേരിക്കയിലുമായിരുന്നു.

വിമാനം പുറപ്പെട്ടത് യു.എ.ഇയിൽ നിന്നായതിനാൽ ദുബൈ കോടതിയെ സമീപിക്കാൻ 47 പേരുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഇതോടെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷുറൻസിന്‍റെ നിയമകാര്യ പ്രതിനിധിയായ തമീമി ആൻഡ് കമ്പനിയും യാത്രക്കാരുടെ ലീഗൽ ഫേമായ ബെസ്റ്റ് വിൻസുമായി കോടതിക്ക് പുറത്ത് ചർച്ച നടത്തി തീർപ്പാക്കിയത്. മംഗലാപുരം വിമാനാപകടത്തിന്‍റെ നഷ്ടപരിഹാര കേസുകൾ ഇനിയും തീർപ്പാക്കാതെ തുടരുമ്പോഴാണ് കരിപ്പൂരിലേത് രണ്ട് വർഷത്തിനുള്ളിൽ തീരുമാനമായത്.

നഷ്ടപരിഹാരത്തുകയിൽ നിന്ന് 50 ലക്ഷം രൂപ മുടക്കി കൊണ്ടോട്ടിചിറയിൽ പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിർമിച്ചുനൽകാൻ ഇരകൾ തീരുമാനിച്ചിട്ടുണ്ട്. അപകടത്തിൽപെട്ടവരെ രക്ഷിച്ച കൊണ്ടോട്ടിയിലെയും പരിസരത്തെയും രക്ഷാപ്രവർത്തകർക്കുള്ള സ്നേഹസമ്മാനമായാണ് ഇത് നിർമിക്കുന്നത്.

Tags:    
News Summary - Karipur air disaster; Compensation cases settled in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.