റാസല്‍ഖൈമ: ഔഷധ നിര്‍മാണ രംഗത്തെ യു.എ.ഇയുടെ അഭിമാന സ്ഥാപനമായ റാസല്‍ഖൈമ ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് (ജുല്‍ഫാര്‍) ഈ വര്‍ഷാദ്യ പകുതിയില്‍ 70.73 കോടി ദിര്‍ഹം അറ്റാദായം നേടിയതായി അധികൃതര്‍. വരുമാന വളര്‍ച്ചയിലെ സുസ്ഥിരതയും സാമ്പത്തിക സ്ഥിതിയിലെ പുരോഗതിയും കാണിക്കുന്നതാണ് സാമ്പത്തിക ഫലങ്ങളെന്ന് ജുല്‍ഫാര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ശൈഖ് സഖര്‍ ബിന്‍ ഹുമൈദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. പുതിയ ഉല്പന്നങ്ങളുടെ സംഭരണത്തിലൂടെയും വിപണി വികാസത്തിലൂടെയും ഗള്‍ഫ് രാജ്യങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും ഒരു മുന്‍നിര ആരോഗ്യ സംരക്ഷണ പങ്കാളിയെന്ന നിലയില്‍ ജുല്ഫാറിന്റെ സ്ഥാനം ശക്തിപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജുല്ഫാറിന്റെ 2025 ആദ്യ പകുതിയിലെ അറ്റാദായത്തില്‍ മൊത്തം ലാഭം 29.8 കോടി ദിർഹമായാണ് വര്‍ധിച്ചത്. സ്ഥിരവിലയില്‍ 5.8 ശതമാനവും മൊത്തം ലാഭത്തില്‍ 12.8 ശതമാനവുമാണ് വളര്‍ച്ച. പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവക്ക് മുമ്പുള്ള വരുമാനം 27.9 ശതമാനം വര്‍ധിച്ചു. ലാഭനിരക്ക് 10.6 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി വര്‍ധിച്ചു. അറ്റാദായം 7.3 ദശലക്ഷത്തില്‍ നിന്ന് 38.6 ദശലക്ഷമായി ഉയര്‍ന്നു. അതേസമയം മൊത്തം അറ്റാദായം 15.82 കോടി ദിര്‍ഹമായി. സഹ്റത്ത് അല്‍ റൗദ ഫാര്‍മസീസ് കമ്പനിയുടെ വിൽപനയില് നിന്നുള്ള മൂലധന നേട്ടമായ 11.87 കോടി ദിർഹമും ഇതിലുള്‍പ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായിരുന്ന അന്തരിച്ച ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ 1980ലാണ് ജുല്‍ഫാര്‍ സ്ഥാപിതമായത്. നൂറുകണക്കിന് ഔഷധങ്ങളുടെ ഉല്പാദനവും മെഡിക്കല്‍ കോസ്മെറ്റിക്സ് ഉപകരണങ്ങളുടെ നിര്‍മാണവും കമ്പനി നടത്തുന്നുണ്ട്. യു.എ.ഇക്ക് പുറമെ വടക്കനാഫ്രിക്ക, ബംഗ്ലാദേശ്, സഊദി അറേബ്യ, ഇറാഖ്, ലിബിയ, ഈജിപ്ത്, അഫ്ഗാനിസ്താന്, ജോർഡന്, ഇത്യോപ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ ജുല്‍ഫാര്‍ ഉൽപന്നങ്ങളുടെ പ്രധാന വിപണികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.