അബൂദബി: യു.എ.ഇ ജിയു-ജിത്സു ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ജിയു-ജിത്സു ചാമ്പ്യന്‍ഷിപ്പിന്‍റെ നാലാം റൗണ്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ജൂണ്‍ അഞ്ചുമുതല്‍ ഏഴുവരെ അബൂദബി മുബാദല അരീനയിലാണ് ആവേശകരമായ മത്സരങ്ങള്‍ അരങ്ങേറുന്നത്. അബൂദബിയെ ജിയു-ജിത്സു കായിക ഇനത്തിന്‍റെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിലും കായികതാരങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്നതാണ് ഈ ടൂര്‍ണമെന്‍റ്.
വിവിധ പ്രായപരിധിയിലുള്ള മികച്ച താരങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. ആദ്യദിനമായ വെള്ളിയാഴ്ച അണ്ടര്‍-18, അഡല്‍റ്റ്സ്, മാസ്റ്റേഴ്‌സ് വിഭാഗങ്ങളിലെ പുരുഷ-വനിതാ മത്സരങ്ങള്‍ നടക്കും. രണ്ടാം ദിനം അണ്ടര്‍-14, അണ്ടര്‍-16 വിഭാഗങ്ങളിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരങ്ങൾ അരങ്ങേറും. സമാപന ദിവസമായ ഞായറാഴ്ച അണ്ടര്‍-12, കിഡ്‌സ് വിഭാഗങ്ങളിലെ കുട്ടികള്‍ മത്സരത്തിനിറങ്ങും.ക്ലബുകളുടെ റാങ്കിങ്ങില്‍ പോയന്‍റുകള്‍ വര്‍ധിപ്പിക്കാനുള്ള ശക്തമായ പോരാട്ടത്തിനാകും നാലാം റൗണ്ട് സാക്ഷ്യം വഹിക്കുക. നിലവില്‍ ബനിയാസ് ജിയു-ജിത്സു ക്ലബാണ് പട്ടികയില്‍ ഒന്നാമതുള്ളത്. അല്‍ ഐന്‍ ജിയു-ജിത്സു ക്ലബ് രണ്ടാമതും ഷാര്‍ജ സെല്‍ഫ് ഡിഫന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് മൂന്നാമതുമുണ്ട്.
എല്ലാ പ്രായത്തിലുമുള്ള കായികതാരങ്ങളെ വളര്‍ത്തിയെടുക്കാനും ക്ലബുകള്‍ക്ക് മികച്ച ടീമുകളെ വാര്‍ത്തെടുക്കാനും ചാംപ്യന്‍ഷിപ് വലിയ സഹായമാണെന്ന് യു.എ.ഇ ജിയു-ജിത്സു ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഫഹദ് അലി അല്‍ ശംസി പറഞ്ഞു.
യു.എ.ഇയുടെ 'കുടുംബ വര്‍ഷം' ആചരണത്തിന്‍റെ ഭാഗമായി മത്സരങ്ങള്‍ കാണാന്‍ കുടുംബങ്ങള്‍ എത്തുന്നതും താരങ്ങള്‍ക്ക് വലിയ പിന്തുണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂര്‍ണമെന്‍റില്‍ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നതെന്ന് നിലവിലെ ചാംപ്യന്മാരായ ബനിയാസ് ക്ലബ് കോച്ച് റിബാമര്‍ സാന്‍റിയാഗോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.