ഐ.ടി.എസ് വേൾഡ് കോൺഗ്രസ് സമാപന വേദി
ദുബൈ: സുസ്ഥിര ഗതാഗത മാർഗങ്ങളും നൂതനമായ സാങ്കേതിക വിദ്യകളുടെ ഉപയോഗവും ചർച്ച ചെയ്ത് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന 30ാമത് ഐ.ടി.എസ് വേൾഡ് കോൺഗ്രസിനും പ്രദർശനത്തിനും പ്രൗഢമായ സമാപനം.
100 രാജ്യങ്ങളിൽ നിന്നുള്ള 25,000ത്തിലധികം സന്ദർശകരും പങ്കാളികളും പരിപാടിയിൽ പങ്കെടുത്തു. 800ലധികം പ്രഭാഷകരും സുസ്ഥിര നയരൂപകർത്താക്കളും പങ്കെടുത്ത 200 ശാസ്ത്രീയ, പ്രഭാഷണ സെഷനുകളും നടന്നു. 500ലധികം പ്രദർശകരും മേളയിൽ പങ്കെടുത്തു. ഐ.ടി.എസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സന്ദർശക സാന്നിധ്യമാണ് ദുബൈയിൽ അടയാളപ്പെടുത്തിയത്.
സമാപന ചടങ്ങിൽ ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ, എർട്ടികോ യൂറോപ് ഡയറക്ടർ ജനറൽ ആഞ്ചലോസ് അംഡിറ്റിസ് എന്നിവർ പങ്കെടുത്തു. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഐ.ടി.എസ് വേൾഡ് കോൺഗ്രസും പ്രദർശനവും നടന്നത്.
സ്മാർട്ട് ട്രാൻസ്പോർട്ടേഷനിലെ ആഗോള വിദഗ്ധർ, അന്താരാഷ്ട്ര ഐ.ടി.എസ് സമൂഹങ്ങളിൽ നിന്നുള്ള പ്രഭാഷകർ, വിവിധ ഏജൻസികളിൽ നിന്നും മേഖലകളിൽ നിന്നുമുള്ള പ്രതിനിധികൾ, വാഹന നിർമാതാക്കൾ, സേവന ദാതാക്കൾ, ടെലി കമ്യൂണിക്കേഷൻ ദാതാക്കൾ, സൊലൂഷൻ ഡെവലപ്പർമാർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തിന് കോൺഗ്രസ് സാക്ഷ്യം വഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ, മന്ത്രാലയ പ്രതിനിധികളും വിദഗ്ധരും അഞ്ച് ദിവസങ്ങളിലായി നടന്ന കോൺഗ്രസിൽ വിവിധ സെഷനുകളിൽ പങ്കെടുത്തു.
സമാപന ചടങ്ങിൽ മത്താർ അൽ തായറും ആഞ്ചലോസ് അംഡിറ്റിസും യു.എസിലെ അറ്റ്ലാന്റയിൽ നടക്കുന്ന അടുത്ത പതിപ്പിന്റെ ‘പാസിങ് ഓഫ് ഗ്ലോബ്’ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
നിരവധി എർടികോ ഉദ്യോഗസ്ഥർക്കും ആതിഥേയ നഗരങ്ങളുടെ പ്രതിനിധികൾക്കുമിടയിലൂടെ ഗ്ലോബ് കടന്നുപോയി. 2025ൽ അറ്റ്ലാന്റ, 2026ൽ ദക്ഷിണ കൊറിയയിലെ ഗാങ്ന്യൂങ്, 2027ൽ യു.കെയിലെ ബർമിങ്ഹാം എന്നിവിടങ്ങളിൽ നടക്കുന്ന കോൺഗ്രസിന്റെ അടുത്ത മൂന്ന് പതിപ്പുകളെ കുറിച്ചുള്ള വിഡിയോകൾ ചടങ്ങിൽ പ്രദർശിപ്പിച്ചു. എർടികോ ഒരു പുതിയ ഏരിയൽ സർവിസ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതായി അംഡിറ്റിസ് ചടങ്ങിൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.