ജെനി കേരളത്തിലെ ആദ്യ വനിതാ പൈലറ്റോ ?; അല്ലെന്ന്​ പൈലറ്റുമാർ

ദുബൈ: രണ്ട്​ ദിവസമായി സോഷ്യൽ മീഡിയയിലെ താരമാണ്​ ജെനി ജെറോം എന്ന ​വനിത പൈലറ്റ്​. കേരളത്തിലെ തീരദേശത്തുനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിത കൊമേഴ്​സ്യൽ പൈലറ്റാണ് ജെനിയെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലും മാധ്യമങ്ങളിലും നടന്ന ചർച്ച. മുഖ്യമന്ത്രി പിണറായി വിജയനും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അടക്കം രാഷ്​ട്രീയ സാമൂഹിക മേഖലകളിലുള്ളവരും ഇത്തരം പോസ്​റ്റുകൾ ഇട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയടക്കം പിന്നീട്​ എഡിറ്റ്​ ചെയ്​തു. ഈ സമയത്ത്​ യു.എ.ഇയിലെ പൈലറ്റുമാരുടെ ഗ്രൂപ്പിൽ മറ്റൊരു ചർച്ച നടക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയ ചർച്ചകളിൽ എന്തെങ്കിലും സത്യമു​േണ്ടാ എന്നതായിരുന്നു വിഷയം. ഇല്ലെന്നാണ്​ എല്ലാ പൈലറ്റുമാരും തെളിവ്​ സഹിതം പറയുന്നത്​. ജെനിയുടെ നേട്ടത്തെ പ്രശംസിക്കുന്നതിനൊപ്പം സത്യം പുറത്തുവരണമെന്നും ഇവർ ആഗ്രഹിക്കുന്നു.

​ശനിയാഴ്​ച രാത്രി ഷാർജയിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​ പറന്ന എയർ അറേബ്യ വിമാനമാണ്​ വാർത്തകളിൽ ഇടംപിടിച്ചത്​. മലയാളി വനിത പൈലറ്റുമാരുടെ പട്ടിക തന്നെ നിരത്തിയാണ്​ മറ്റ്​ പൈലറ്റുമാർ സോഷ്യൽ മീഡിയ വാദത്തെ പൊളിച്ചടുക്കിയത്​. കേരളത്തിലെ ആദ്യ വനിത പൈലറ്റായി പൊതുവെ അറിയുപ്പെടുന്നത്​ സബീഹ മരിക്കാർ ആണ്​. വർഷങ്ങൾക്ക്​ മുൻപ്​ പൈലറ്റായ സബീഹക്ക്​ ശേഷം 50ഓളം മലയാളി വനിതകൾ ഈ സീറ്റിലേക്ക്​ എത്തിയിരുന്നു. അതേസമയം, തനിക്ക്​ മുൻപും വനിത പൈലറ്റുമാർ കേരളത്തിൽ നിന്ന്​ ഉണ്ടായിരുന്നോ എന്ന്​ സംശയമുണ്ടെന്ന്​ സബീഹ പറയുന്നു.

സോഷ്യൽ മീഡിയയുടെ മറ്റൊരു അവകാശവാദം കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വനിത പൈലറ്റാണ്​ ജെനി എന്നായിരുന്നു. എന്നാൽ, 21ാം വയസിൽ പൈലറ്റായ​ മാർട്ടിന സലിനും 22ാം വയസിൽ ഈ സീറ്റിലേക്കെത്തിയ ഗീതു വിജയുമെല്ലാം 23കാരിയായ ജെനിയേക്കാൾ ഇളയതാണ്​. തീരദേശത്തുനിന്നുള്ള ആദ്യ പൈലറ്റാണ്​ ജെനിയെന്നതാണ്​ സോഷ്യൽ മീഡിയ ഏറ്റവുമധികം ആഘോഷിച്ചത്​. മലപ്പുറം താനൂരുള്ള അഫ്ര അബ്​ദുല്ല തീരദേശത്തു നിന്നുള്ള പൈലറ്റാണ്​ എന്ന മറുവാദവും പൈലറ്റുമാർ ഉന്നയിക്കുന്നു.

ദരിദ്ര കുടുംബത്തിലെ കുട്ടിയാണ്​ ജെനിയെന്നതും ശരിയല്ല. ഏകദേശം ഒന്നര കോടി രൂപ ചെലവുവരുന്ന കോഴ്​സ്​ പൂർത്തിയാക്കിയാണ്​ ജെനി പൈലറ്റ്​ ലൈസൻസ്​ നേടിയത്​. വർഷങ്ങളായി ഷാർജയിലാണ്​ താമസം. ആദ്യ കൊമേഴ്​സ്യൽ പൈലറ്റ്​ എന്നതും ശരിയല്ല. ജെ​നിയുടെ നേട്ടങ്ങളെ കുറച്ചുകാണേണ്ടതില്ലെന്നും എന്നാൽ, അനാവശ്യമായ ആഘോഷങ്ങൾ ​ഈ മേഖലയെ കുറിച്ച്​ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നുമാണ്​ മറ്റ്​ പൈലറ്റുമാർ പറയുന്നത്​.

നൽകിയത്​ ഉറപ്പായ വിവരങ്ങൾ -ജെറോം

ദുബൈ: വിവരങ്ങൾ ചോദിച്ചവരോട്​ തങ്ങൾ നൽകിയത്​ ഉറപ്പായ വിവരങ്ങൾ മാത്രമാണെന്ന്​ ജെനിയുടെ പിതാവ്​ ജെറോം 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. ജെനി കേരളത്തിലെ തീരദേശത്തുനിന്നുള്ള ആദ്യ കൊമേഴ്​സ്യൽ വനിത പൈലറ്റാണെന്നാണ്​ വിശ്വാസം. ഒന്നര കോടി രൂപ മുടക്കിയാണ്​ പഠിച്ചത്​. സോഷ്യൽ മീഡിയയിലെത്തിയപ്പോൾ കൂടുതൽ മേ​െമ്പാടി ചേർത്തിട്ടുണ്ടാവാം. അതിൽ ഞങ്ങൾക്ക്​ പങ്കില്ലെന്നും ജെറോം പറഞ്ഞു.

Tags:    
News Summary - Is Jeni the first woman pilot in Kerala Pilots says no

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.