യു.എ.ഇയെ ആക്രമിക്കാൻ തങ്ങളുടെ മണ്ണ്​ ഉപയോഗിക്കരുതെന്ന്​ ഇറാഖ്

​ ദുബൈ: യു.എ.ഇയും സൗദി അറേബ്യയും അടക്കമുള്ള അയൽരാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്താൻ തങ്ങളുടെ ഭൂപ്രദേശമോ വ്യോമാതിർത്തിയോ ഉപയോഗിക്കുന്നതിനെ തള്ളി ഇറാഖ്. ഇതിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഇറാഖ്​ ഉറപ്പ് നൽകി. പ്രധാനമന്ത്രിയും സായുധ സേനയുടെ കമാൻഡർ ഇൻ ചീഫുമായ അലി ഫാലിഹ് അൽ സെയ്ദിയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ മന്ത്രിതല സമിതിയുടെ ആദ്യ യോഗത്തിലാണ് രാജ്യത്തിന്റെ പൊതുവായ സുരക്ഷാ സാഹചര്യങ്ങളും നിലവിലെ സംഭവവികാസങ്ങളും വിലയിരുത്തിയത്.

ഇറാഖിലുടനീളം സുസ്ഥിരത നിലനിർത്തുന്നതിനായി മുഴുവൻ സുരക്ഷാ ഏജൻസികളുടെയും സന്നദ്ധതയും കരുത്തും വർധിപ്പിക്കുന്നതിനും ഏകോപനം ശക്തിപ്പെടുത്തുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത യോഗം ചൂണ്ടിക്കാട്ടി. യു.എ.ഇക്കും സൗദി അറേബ്യക്കും നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളെ സമിതി അപലപിച്ചു. സഹോദര അറബ് രാജ്യങ്ങൾക്കും സൗഹൃദ പ്രാദേശിക രാജ്യങ്ങൾക്കും എതിരായ ആക്രമണങ്ങൾക്കായി ഇറാഖിന്റെ ഭൂപ്രദേശമോ വ്യോമാതിർത്തിയോ ഉപയോഗിക്കുന്നത് കർശനമായി തള്ളിക്കളയുന്നു. ഇത്തരം ലംഘനങ്ങളോട് സർക്കാർ ശക്തമായി പ്രതികരിക്കും. ഈ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തുന്നതിന്​ പ്രത്യേക സമിതി രൂപവത്​കരിച്ചിട്ടുണ്ട്.

ആക്രമണങ്ങൾക്കായി ഇറാഖ് ഭൂപ്രദേശം ഉപയോഗിച്ചതായി സ്ഥിരീകരിക്കപ്പെട്ടാൽ, അതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകി.നേരത്തേ, ബറക ആണവ പ്ലാന്റ്​ ലക്ഷ്യമിട്ട്​ നടന്ന ഡ്രോൺ ആക്രമണത്തിന് ശേഷം ശത്രുതാപരമായ നടപടികൾ അവസാനിപ്പിക്കാൻ ഇറാഖിനോട് യു.എ.ഇ ആവശ്യപ്പെട്ടിരുന്നു. ഡ്രോൺ ആക്രമണത്തെ അപലപിച്ച യു.എ.ഇ വിദേശകാര്യ മന്ത്രാലയം, രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ്​ അതെന്ന്​ ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - Iraq says its soil should not be used to attack the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.