ദുബൈ: ദുബൈ പൊലീസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കെ9 പ്രദര്‍ശനം ഏപ്രിൽ 18 മുതൽ 20 വരെ ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബില്‍ നടക്കും.
തത്സമയ ഡോഗ് ഷോ, ഫാഷന്‍ വാക്ക്, ഫേസ് പെയിന്റിങ്, ഡോഗ്ഗി ഡൂഡില്‍സ് എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. വൈകീട്ട് നാല് മണിമുതല്‍ രാത്രി 11 മണിവരെയുള്ള പരിപാടികള്‍ താമസക്കാര്‍ക്കും ആസ്വദിക്കാം.
ഇതാദ്യമായാണ് കെ9 യൂനിറ്റിനുവേണ്ടി പൊലീസ് ഇത്തരമൊരു വിപുലമായ പരിപാടി ഒരുക്കുന്നത്. സന്ദര്‍ശകര്‍ക്കായി വൈവിധ്യമാര്‍ന്ന സംവേദനാത്മക പരിപാടികളും ശിൽപശാലകളും മത്സരങ്ങളും സംഘടിപ്പിക്കും. നായ് പരിശീലകര്‍, വെല്‍നസ് ഹബ്ബുകള്‍, സര്‍ക്കാര്‍, സ്വകാര്യ സംഘടനകള്‍ എന്നിവയുള്‍പ്പെടെ ലോകമെമ്പാടും നിന്നായി 30ലേറെ പ്രദര്‍ശകര്‍ ത്രിദിന പരിപാടിയില്‍ പങ്കെടുക്കും. നായ്ക്കളുടെ ആരോഗ്യം, പെരുമാറ്റം, പരിശീലന രീതികള്‍, പരിചരണം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സെമിനാറുകളും ശിൽപശാലകളും നടത്തും.
സുരക്ഷാ മേഖലകളില്‍ അന്താരാഷ്ട്ര സഹകരണം ശക്തമാക്കാനാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് പൊലീസിലെ ഓപറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഖൈത്തി പറഞ്ഞു.
കെ9 യൂനിറ്റിന്റെ വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. പൊതുസുരക്ഷ നിലനിര്‍ത്തുന്നതില്‍ പൊലീസ് നായ്ക്കളുടെ നിര്‍ണായക പങ്ക് പരിപാടിയിലൂടെ വ്യക്തമാകുമെന്ന് കെ9 സെക്യൂരിറ്റി ഇന്സ്പെക്ഷന് യൂനിറ്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സലാ അല്‍ മസ്റൂഇ പറഞ്ഞു. ലോകമെമ്പാടുമുള്ള കെ 9 വിദഗ്ധരുമായി ബന്ധപ്പെടാനും അത്യാധുനിക സാങ്കേതികവിദ്യകള്‍ അറിയാനുമുള്ള അവസരമാണ് പരിപാടി ഒരുക്കുകയെന്നും അല്‍ മസ്റൂഇ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.