ഷാർജ: അൽ മംസാർ ബീച്ചിൽ നീന്തലിനിടെ ഇന്ത്യക്കാരൻ മുങ്ങിമരിച്ച സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. 25കാരനാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30നാണ് സംഭവം ഷാർജ പൊലീസിന്റെ ഓപറേഷൻ റൂമിൽ റിപ്പോർട്ട് ചെയ്തത്. ഉടൻ സംഭവസ്ഥലത്തെത്തിയ പൊലീസും പട്രോൾ സംഘവും റസ്ക്യൂ ടീമും ചേർന്നാണ് യുവാവിന്റെ മൃതദേഹം കടലിൽ നിന്നെടുത്തത്.
തുടർന്ന് മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ബുഹൈറ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കടലിൽ മുങ്ങിപ്പോകുന്ന സംഭവങ്ങൾ ഉടൻ പൊലീസിൽ അറിയിച്ചാൽ റസ്ക്യൂ ടീമിനെ സംഭവസ്ഥലത്തേക്ക് അയക്കാനും വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനും കഴിയുമെന്ന് പൊലീസ് അറിയിച്ചു.
നീന്തുമ്പോൾ സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. സുരക്ഷിതമായ ഇടങ്ങൾ മാത്രം നീന്തലിനായി ഉപയോഗിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.